മല്ലികയുടെ അവസ്ഥ വേദനാജനകം : സച്ചിദാനന്ദന്‍
ദില്ലി : പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയ്ക്ക് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഒളിവില്‍ കഴിയേണ്ടി വരുന്ന അവസ്ഥ വേദനാജനകമാണെന്ന് കവി സച്ചിദാനന്ദന്‍.
മല്ലികയ്ക്കെതിരെയുളള ഭീഷണി നാം ഓരോരുത്തരോടുമുളള ഭീഷണിയായി കണക്കാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യയുടെ സാംസ്ക്കാരിക പാരമ്പര്യത്തിനേറ്റ തീരാക്കളങ്കമാണ് ഈ സംഭവം.
ഗുജറാത്തില്‍ സമാധാനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന്റെ പേരിലാണ് മല്ലികയെ കൊല്ലുമെന്ന് ഹിന്ദു തീവ്രവാദികള്‍ ഭീഷണി മുഴക്കിയത്. മല്ലികയുടെ അമ്മയും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നര്‍ത്തകിയുമായ മൃണാളിനി സാരാഭായിയെ അവരുടെ നൃത്ത വിദ്യാലയമായ ദര്‍പ്പണ അക്കാദമിയ്ക്കുളളിലിട്ട് ജീവനോടെ ചുട്ടുകൊല്ലുമെന്നുമാണ് ഹിന്ദു ഫാസിസ്റുകള്‍ മുന്നറിയിപ്പു നല്‍കിയത്.
കലാപബാധിത പ്രദേശങ്ങളില്‍ സമാധാനം സ്ഥാപിക്കാനാണ് മല്ലിക ശ്രമിച്ചതെന്ന് സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് അതിക്രൂരമായി അരങ്ങേറിയ ശിശുഹത്യയും മറ്റും പുറംലോകത്തെ അറിയിക്കാനാണ് അവര്‍ ശ്രമിച്ചത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ലഹളപ്രദേശങ്ങളില്‍ എല്ലാം ഭദ്രമെന്ന് വരുത്തിത്തീര്‍ത്ത് നരേന്ദ്രമോഡിയെ രക്ഷിക്കാന്‍ നടത്തിയ ശ്രമവും അവര്‍ തുറന്നു കാട്ടിയിട്ടുണ്ട്.
രാജ്യത്ത് സമാധാനം തകര്‍ക്കാനുളള ശ്രമങ്ങളില്‍ ഏറ്റവും അവസാനത്തേതാണ് ഇതെന്ന് സച്ചിതാനന്ദന്‍ പറഞ്ഞു. ന്യൂനപക്ഷത്തെയും സാധാരണ ജനത്തെയും കലാസാംസ്ക്കാരിക പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തി അടിമകളാക്കാനുളള ആസുത്രിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മൗലികാവകാശങ്ങള്‍ ഹനിക്കാനുളള ഇത്തരം നടപടികള്‍ക്കെതിരെ സമാധാനസ്നേഹികളായ ജനങ്ങള്‍ ശബ്ദമുയര്‍ത്തണം. മതസൗഹാര്‍ദ്ദവും സാംസ്ക്കാരിക സ്വാതന്ത്യ്രവും ജനാധിപത്യാവകാശങ്ങളും ഉറപ്പുവരുത്താനുളള പോരാട്ടങ്ങളില്‍ പങ്കു ചേരാന്‍ സച്ചിദാനന്ദന്‍ അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications