ബോംബ് സ്ഫോടനം : ലീഗുകാര്‍ക്ക് പരിക്ക്
കോഴിക്കോട് : നാദാപുരത്ത് ബോംബു നിര്‍മ്മാണത്തിനിടയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് ലീഗുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റുപോയി. ഇരുവരുടെയും ആസന്നനിലയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചെക്യാട് പഞ്ചായത്തിലെ പാറക്കടവില്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലായിരുന്നു സ്ഫോടനം. പാറക്കടവ് പറമ്പത്ത് ആലിക്കുട്ടിയുടെ മകന്‍ ആരിഫ് (19), പാലോളളില്‍ അഹമ്മദിന്റെ മകന്‍ അബ്ദു റഹിമാന്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരിഫിന്റെ കൈപ്പത്തി അറ്റുപോയി. അബ്ദു റഹിമാന്റെ കാലില്‍ ആഴത്തില്‍ മുറിവേറ്റു. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്.
ബോംബു നിര്‍മ്മിക്കാനുപയോഗിച്ച വസ്തുക്കളുടെയും സ്ഫോടനത്തില്‍ തെറിച്ചു പോയ ശരീര ഭാഗങ്ങളും പൊലീസ് ശേഖരിച്ചു. പറമ്പത്ത് ഉസ്മാന്‍ ഹാജിയുടേതാണ് വീട്. സംഭവം നടക്കുമ്പോള്‍ ധാരാളം പേര്‍ വീട്ടിലുണ്ടായിരുന്നു. മുസ്ലീംലീഗുകാരാണെങ്കിലും ഇവര്‍ എന്‍ഡിഎഫിന്റെ സജീവപ്രവര്‍ത്തകരാണെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് സംഭവ സ്ഥലത്തെത്തും മുമ്പെ നിര്‍മ്മിച്ച ബോംബുകള്‍ സുരക്ഷിതസ്ഥലങ്ങളിലേയ്ക്കു മാറ്റിയതായി അറിയുന്നു. എക്സ്പ്ലോസീവ് ആക്ട് പ്രകാരം കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ആദ്യം സിപിഎം-ലീഗ് സംഘര്‍ഷം നടന്ന സ്ഥലമാണ് പാറക്കടവ്. കുറേനാളുകളായി ഇവിടെ സമാധാനാന്തരീക്ഷം നിലനില്‍ക്കുകയാണ്. എന്നാല്‍ ഈ മേഖലയില്‍ ഇരുകൂട്ടരും ആയുധ ശേഖരം നടത്തിവരികയാണെന്ന ആക്ഷേപം ശക്തിപ്പെടുന്നതിനിടയിലാണ് സ്ഫോടനം നടന്നത്. ഇതോടെ നാട്ടുകാര്‍ വീണ്ടും ഭീതിയിലാണ്.












Click it and Unblock the Notifications