Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണിയ്ക്ക് പതിച്ചുകൊടുക്കലോ തൊഴില്‍?

തിരുവനന്തപുരം: ഇപ്പോള്‍ കേരളരാഷ്ട്രീയത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ചങ്കിലെ മുള്ള് മതികെട്ടാന്‍ മലയാണ്. ഈ വനപ്രദേശത്തെ ഏക്കറുകണക്കിന് ഭൂമി റവന്യൂ മന്ത്രി മാണിയുടെ ബന്ധുക്കള്‍ കയ്യേറിയതായി ആദിവാസി നേതാവ് ജാനു ആരോപിച്ചതോടെയാണ് പ്രശ്നത്തിന് ചൂടേറിയത്.

പാവങ്ങളുടെ മാണിസാറും പണക്കാരുടെ കുഞ്ഞുമാണിയും കേരളരാഷ്ട്രീയത്തില്‍ പ്രസിദ്ധനാണ്. രണ്ടും ഒരാള്‍ തന്നെ. സാക്ഷാന്‍ കെ. എം. മാണി. മന്ത്രിയായാല്‍ അദ്ദേഹത്തിന്റെ വകുപ്പ് എപ്പോഴും ഒന്നു തന്നെ. റവന്യൂ. എന്താണ് മാണി സാറിന് റവന്യൂ വകുപ്പിലിത്ര കമ്പം? നമ്മള്‍ക്കാര്‍ക്കും അറിഞ്ഞുകൂടായിരുന്നു. ഇപ്പോള്‍ മെല്ലെ അറിഞ്ഞുതുടങ്ങി.

ഇപ്പോഴിതാ യുഡിഎഫ് മന്ത്രിസഭായോഗം തന്നെ ആദ്യ ശിക്ഷയും നടപ്പാക്കി. ഇടുക്കി ജില്ലാകളക്ടര്‍ക്ക് സ്ഥലം മാറ്റം. ഇടുക്കി ജില്ലാകളക്ടര്‍ മാണിയുടെ സ്വന്തക്കാരനാണത്രെ. ടി.ജെ. മാത്യു. എന്താണ് അദ്ദേഹം ചെയ്തകുറ്റം. കണ്ണടച്ചു എന്നതുതന്നെ. കളക്ടറുടെ മൂക്കിനു താഴെയുള്ള വനപ്രദേശമാണ് മതികെട്ടാന്‍ മല. ഇടുക്കിയിലെ ശാന്തന്‍പാറയ്ക്കടുത്തുള്ള സ്ഥലം. അവിടെ ആരൊക്കെയോ വനംകത്തിക്കുന്നതും സ്ഥലം കയ്യേറുന്നതും കളക്ടര്‍ കണ്ടില്ലെന്നു പറഞ്ഞാല്‍?

ഇതൊക്കെ നോക്കാനായിട്ടാണ് സര്‍ക്കാര്‍ കളക്ടറേറ്റ് ശരിയ്ക്കും കാട്ടിനിടയില്‍ തന്നെ വച്ചത്. പൈനാവിലാണ് കളക്ടറേറ്റ്. അവിടെ ഈ കളക്ടറേറ്റ് അല്ലാതെ മറ്റൊന്നും ഇല്ല. അതുകൊണ്ടുതന്നെ പല ജീവനക്കാരും ആ വഴിയ്ക്ക് പോകാറുമില്ല.

മതികെട്ടാന്‍ മല തരിശുഭൂമിയോ വനപ്രദേശമോ എന്ന് ആരാഞ്ഞ വനംമന്ത്രി സുധാകരനോട് കളക്ടര്‍ പറഞ്ഞ ഉത്തരം മതികെട്ടാന്‍ മല തരിശുഭൂമിയാണെന്നാണ്. പക്ഷെ മതികെട്ടാന്‍ മലയില്‍ നേരിട്ട് ചെന്ന് നോക്കിയ വനംമന്ത്രിയുടെ കണ്ണുതള്ളിപ്പോയി. നല്ല നിബിഡവനപ്രദേശം. അപ്പോള്‍ ഇടുക്കിയിലെ ജില്ലാ കളക്ടര്‍ വനം മന്ത്രിയോട് മനപൂര്‍വം നുണ പറഞ്ഞത് എന്തൊക്കെയോ മറയ്ക്കാനാണ്. കളക്ടര്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ച രഹസ്യങ്ങള്‍ എന്തൊക്കെയാണ്? അതാണ് കേരളത്തിന് അറിയേണ്ടത്.

എന്തായാലും കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തില്‍ ഇടുക്കി ജില്ലാകളക്ടര്‍ ടി.ജെ. മാത്യുവിനെ സ്ഥലംമാറ്റാന്‍ തീരുമാനിച്ചു. ഒരു ചെറിയ ശിക്ഷാനടപടി. വനഭൂമി കയ്യേറിയവരെ ഒഴിപ്പിക്കണമെന്ന് ശക്തമായി മാണി യോഗത്തില്‍ വാദിച്ചതായും അറിയുന്നു. നോക്കണേ കുഞ്ഞുമാണിയുടെ തന്ത്രം.

എന്തായാലും മന്ത്രിസഭായോഗത്തില്‍ ഇടുക്കി ജില്ലാകളക്ടറെ വനം മന്ത്രി സുധാകരന്‍ ശരിക്കും വിമര്‍ശിച്ചു. പക്ഷെ കളക്ടറുമായി അല്പസ്വല്പം രഹസ്യബാന്ധവമുള്ള റവന്യൂ മന്ത്രി മാണിക്ക് സുധാകരന്റെ ഈ കുടച്ചില്‍ ഒട്ടും ഇഷ്ടമായിട്ടില്ല.

എന്തായാലും മതികെട്ടാന്‍ മലയുടെ അവകാശത്തെച്ചൊല്ലി ഇപ്പോള്‍ മാണിയും സുധാകരനും ഇടയുന്നു എന്നതാണ് പുതിയ വാര്‍ത്ത. മന്ത്രിസഭായോഗത്തിലും റവന്യു-വനം മന്ത്രിമാര്‍ തമ്മില്‍ കൊമ്പുകോര്‍ക്കുകയും ചെയ്തു. മതികെട്ടാന്‍ മലയുടെ അവകാശം ആര്‍ക്കാണ്? വനംവകുപ്പിനോ അതോ റവന്യൂവകുപ്പിനോ? ഇതായിരുന്നു മന്ത്രിസഭായോഗത്തിലെ ചോദ്യം. മതികെട്ടാന്‍ മല എന്നത് നിബിഡവനപ്രദേശമാണെന്നും അതിന്റെ സമ്പൂര്‍ണ്ണ അവകാശം വനം വകുപ്പിന് മാത്രമാണെന്നുമാണ് വനം മന്ത്രി സുധാകരന്റെ വാദം. എന്നാല്‍ മതികെട്ടാന്‍ മലയില്‍ റവന്യൂവകുപ്പിനും ചില അവകാശങ്ങളൊക്കെയുണ്ടെന്നായി മാണിച്ചായന്‍. തര്‍ക്കം മൂത്തപ്പോഴേക്കും മറ്റ് മന്ത്രിമാര്‍ ഇടപെട്ട് പ്രശ്നം മറ്റ് വഴിക്ക് തിരിച്ചുവിട്ടു.

പറഞ്ഞുവന്നത് മാണിയുടെ റവന്യൂവകുപ്പിനോടുള്ള പ്രേമത്തെക്കുറിച്ചാണ്. എന്താണ് ഈ ആകര്‍ഷണത്തിനു പിന്നില്‍. മറ്റൊന്നുമല്ല, വിശാലമായി കിടക്കുന്ന സര്‍ക്കാര്‍ വനപ്രദേശം തന്നെ. ആവശ്യംപോലെ സ്വന്തക്കാരനും ബന്ധുക്കാര്‍ക്കുമൊക്കെ പതിച്ചുകൊടുക്കല്‍ തന്നെയായിരുന്നു മാണിച്ചായന്റെ ജോലി. 100 ഏക്കറും 200 ഏക്കറുമൊക്കെ ഓരോ ബന്ധുക്കള്‍ക്ക് വാരിക്കോരി കൊടുക്കും. മാണിച്ചായന്റെ വീട്ടുമുതല്‍ എടുത്തുകൊടുക്കുന്നതു പോലെയാണ് ഈ ഇഷ്ടദാനം. വെറുതെ അല്ല കൊടുക്കുന്നത്. കൃത്യമായി സര്‍ക്കാറിന് പണം നല്‍കാനുള്ള രേഖയുണ്ടാക്കാന്‍ ജനസേവകനായ മാണി മറന്നിട്ടില്ല. ഏക്കറിന് വര്‍ഷം അഞ്ചു രൂപയോ പത്ത് രൂപയോ പാട്ടതുക കരാറാക്കിയാണ് നല്‍കുന്നത്. സര്‍ക്കാരിന് കൃത്യമായി വരുമാനമുണ്ടാക്കി കൊടുത്തില്ലേ. അതുപോലും ഈ ഭൂ ഉടമകള്‍ അടയ്ക്കുന്നില്ല എന്നത് വേറെ കഥ. അങ്ങനെ കുറെക്കാലം കഴിയുമ്പോള്‍ ഇത് പതിച്ച് കിട്ടുകയും ചെയ്യും.

പട്ടയവിതരണമാണല്ലോ റവന്യൂ മന്ത്രിയുടെ പ്രധാന വിനോദം. ഇന്ന് കൈയേറിയാല്‍ പത്തോ പതിനഞ്ചോ വര്‍ഷം കഴിഞ്ഞ് പതിച്ച് കിട്ടുമെന്ന സന്ദേശമാണ് മാണിയും കൂട്ടരും കുറേക്കാലമായി നല്‍കികൊണ്ടിരിയ്ക്കുന്നത്. സര്‍ക്കാര്‍ വനപ്രദേശം കയ്യേറിയവര്‍ക്ക് പിന്നീട് പട്ടയം കൊടുക്കല്‍ വന്‍ ഉത്സവമായാണ് നടത്തുന്നത്. ഇതിനു പിന്നിലും വലിയ കളികളാണത്രെ. മാണിച്ചായനും അദ്ദേഹത്തിന്റെ സില്‍ബന്തികളും അറിഞ്ഞു കൊണ്ട് തന്നെയായിരിക്കും വനപ്രദേശത്തുള്ള കയ്യേറ്റം. കയ്യേറ്റം മന്ത്രിയുടെ അറിവോടെയായതിനാല്‍ റവന്യൂവകുപ്പും കളക്ടറും കണ്ണടയ്ക്കും. കുറച്ചുവര്‍ഷം കഴിഞ്ഞ് മാണിസാര്‍ റവന്യൂ മന്ത്രിയായി അധികാരമേറ്റയുടന്‍ തുടങ്ങും പട്ടയവിതരണമേള.

സ്വന്തക്കാര്‍ക്ക് ഭൂമിനല്കല്‍ മാത്രമല്ല, വലിയ തോട്ട മുതലാളിമാര്‍ക്കും ബിസിനസ്സുകാര്‍ക്കും സര്‍ക്കാര്‍ ഭൂമി പാട്ടത്തിനു കൊടുക്കലാണ് മറ്റൊരു കലാപരിപാടി. ഹാരിസണ്‍ മലയാളം, മലയാളം പ്ലാന്റേഷന്‍ തുടങ്ങിയ കമ്പനികള്‍ക്ക് ഇടുക്കിജില്ലയില്‍ പാട്ടത്തിന് നല്കിയത് നൂറുകണക്കിന് ഏക്കര്‍ വനഭൂമിയാണ്. 50 ഉം 100 വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്കുക. പാട്ടത്തുകയായി സര്‍ക്കാരില്‍ നല്കുന്ന തുക ഏക്കറിന് രണ്ടു രൂപയോ അഞ്ചുരൂപയോ ഒക്കെയായിരിക്കും. കമ്പനികള്‍ ഇതിനകം ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ലാഭം ഉണ്ടാക്കിയിരിയ്ക്കും. തേയിലയും റബര്‍ ഷീറ്റും ടണ്‍ കണക്കിന് ഗുദാമുകളിലേയ്ക്ക് പോയിരിയ്ക്കും. ഇതിന് സാഹചര്യം ഒരുക്കുന്ന രാഷ്ട്രീയക്കാരോട് കമ്പനി ഉടമകള്‍ ഉപകാരസ്മരണനടത്തുന്നുണ്ടാവും.

നമ്മുടെ സഖാവ് ഗൗരിയമ്മയും ഇക്കാര്യത്തില്‍ മോശക്കാരിയല്ല. കമ്പനി മാറുമെന്നേയുള്ളു. മാണിസാറിന് ഹാരിസണ്‍ മലയാളമാണെങ്കില്‍ ഗൗരിയമ്മയ്ക്ക് പ്രേമം ടാറ്റാ ടീയോടാണ്. ഗൗരിയമ്മയുടെ കാലത്ത് ടാറ്റാ ടീയ്ക്ക് പാട്ടത്തിന് നല്കിയ സര്‍ക്കാര്‍ വനഭൂമിയും നൂറുകണക്കിന് ഏക്കറാണ്.

എന്നിട്ടും കാടിന്റെ മക്കളായ ആദിവാസികള്‍ക്ക് ഭൂമി നല്കാന്‍ മാത്രം സര്‍ക്കാരിന്റെ കയ്യില്‍ റവന്യൂ ഭൂമിയില്ല. എന്തായാലും മതികെട്ടാന്‍ മലയിലെ കയ്യേറ്റം ഒട്ടേറെ നാറുന്ന അഴിമതിക്കഥകളും വനഭൂമികയ്യേറ്റങ്ങളും വെളിച്ചത്തുകൊണ്ടുവരും. പ്രത്യേകിച്ചും ആദിവാസി നേതാവ് ജാനു കൂടി ഇടപെട്ടിട്ടുള്ളതിനാല്‍ ഭാവിയില്‍ മതികെട്ടാന്‍ മലയെച്ചൊല്ലി കേരളരാഷ്ട്രീയത്തില്‍ വന്‍ ഭൂമികുലുക്കങ്ങളുണ്ടാകുമെന്നുറപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+