ഡിജിപിയ്ക്ക് പൊലീസുകാരോട് കുശുമ്പോ?
തിരുവനന്തപുരം: ഉന്നതോദ്യോഗസ്ഥരെക്കൊണ്ട് പൊലീസുകാര്‍ മടുത്തു. കേരളത്തിലെ ഡിജിപി കെ.ജെ. ജോസഫിനെ ഒറ്റയടിക്ക് കൊല്ലുന്നത് സ്വപ്നം കാണുന്നവരാണ് കേരളത്തിലെ പൊലീസുകാര്‍.
പദവിയില്‍ അല്പം താഴ്ന്നുപോയി എന്നതുകൊണ്ട് പൊലീസുകാരന്‍ എന്തൊക്കെ സഹിക്കണം. അല്ലങ്കിലും പണ്ടേ പൊലീസ് യശമാനന്മാരുടെ തോട്ടം നനയ്ക്കാനും വീട്ടുസാമാനങ്ങള്‍ വാങ്ങിക്കൊടുക്കലുമൊക്കെ പൊലീസുകാരുടെ ജോലിയാണെന്ന് ധരിച്ചുവച്ചിരിക്കുന്ന ചില ഉന്നതോദ്യോഗസ്ഥരുണ്ട്. കയ്യൂരും കരിവെള്ളൂരും വയലാറിലെ വാരിക്കുന്തവുമൊക്കെ കണ്ട കേരളത്തില്‍ ഇനിയും ഇത്തരം അടിമവേലയോ എന്നാണ് പൊലീസുകാര്‍ ചോദിക്കുന്നത്. പക്ഷെ നായനാരു പോയിട്ട് ആന്റണി വന്നിട്ടും കോരനു കഞ്ഞി കുമ്പിളില്‍ എന്ന് പറഞ്ഞതു പോലെതന്നെ പൊലീസുകാരന്റെ കഥ.
ഇപ്പോള്‍ ഡിജിപി പുതിയ കുന്തം കൊണ്ട് പൊലീസുകാരന്റെ പള്ളയ്ക്കു കുത്തുന്നു. രണ്ടരവര്‍ഷം ഒരേ സ്റേഷനില്‍ ജോലിചെയ്തുകഴിഞ്ഞാല്‍ പൊലീസുകാരനെ നിര്‍ബന്ധമായും സ്ഥലം മാറ്റുമെന്നാണ് ഡിജിപി ഏമാന്റെ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിത്തോട് പൊലീസുകാരുടെ ഭാര്യമാര്‍ സമരത്തിനിറങ്ങിയതിനുള്ള ശിക്ഷ ഇനിയും തീര്‍ന്നിട്ടില്ല. ഭാര്യമാര്‍ ചെയ്തുപോയ അവിവേകത്തിന് പൊലീസുകാരനെ കാസര്‍കോട് മുതല്‍ പാറശാല വരെ കുലുക്കിക്കുത്തുകയാണ്. സ്ഥലംമാറ്റമെന്ന ശിക്ഷാ നടപടി.
തീര്‍ന്നില്ല, ഡിജിപിയുടെ ഭരണപരിഷ്കാരം. ഭാര്യമാരുടെ വീട്ടിനടുത്തേക്ക് ഒരു കാരണവശാലും പൊലീസുകാരന് സ്ഥലംമാറ്റം കൊടുക്കില്ലെന്നും അദ്ദേഹം ഉത്തരവിട്ടിരിക്കുന്നു. പൊലീസുകാരന്‍ എന്തുചെയ്യണം? നിങ്ങള്‍ പറയൂ.
സംസ്ഥാനത്തെ പ്രശ്നങ്ങള്‍ നേരിടുന്നതിന് പകരം പൊലീസുകാരെ നേരിടുന്ന രീതി ഉന്നതോദ്യോഗസ്ഥര്‍ ഉപേക്ഷിക്കണമെന്ന് പൊലീസ് കോണ്‍സ്റബിള്‍മാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കൂത്തുപറമ്പ് സംഭവത്തിന് ശേഷം സംസ്ഥാനത്തെ പൊലീസ് സേനയിലുണ്ടായ നിഷ്ക്രിയാവസ്ഥ മടക്കിക്കൊണ്ടുവരരുതെന്നും പൊലീസ് കോണ്‍സ്റബിള്‍മാരുടെ അസോസിയേഷന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. അഴിമതിക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ മുഴുവന്‍ വെള്ളപൂശി, പൊലീസ്സേനയിലെ പരിഷ്കാരത്തിന്റെ പേരില്‍ പാവം പൊലീസുകാരെ പന്തുതട്ടാനാണ് ഡിജിപി ശ്രമിക്കുന്നതെന്നും പൊലീസുകാര്‍ ആരോപിക്കുന്നു.
പക്ഷെ തന്റെ പരിഷ്കാരവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്ന വാശിയിലാണ് ഡിജിപി കെ.ജെ. ജോസഫ്. പൊലീസുകാരുടെ വേലത്തരങ്ങളൊന്നും തന്റെയടുത്തു വേണ്ടെന്നും ഇതൊക്കെ രാഷ്ട്രീയപ്രേരിതമായ കളികളാണെന്നും ഡിജിപി പറയുന്നു. എന്തായാലും സംസ്ഥാനത്തെ ക്രമസമാധാനരംഗത്ത് പുതിയ കോളിളക്കങ്ങള്‍ കോരിയിടുകയാണ് പൊലീസിലെ പരിഷ്കാരങ്ങള്‍. സംസ്ഥാനപൊലീസ് സേനയില്‍ പൊലീസുകാരും ഉദ്യോഗസ്ഥരും രണ്ടു തട്ടായി തിരിഞ്ഞിരിക്കുന്നു.












Click it and Unblock the Notifications