ഗുജറാത്ത്: സര്‍വകക്ഷി യോഗം പരാജയപ്പെട്ടു
ദില്ലി: ഗുജറാത്ത് പ്രശ്നത്തെച്ചൊല്ലി കഴിഞ്ഞനാലുദിവസമായി തുടര്‍ന്നുവരുന്ന സഭാസ്തംഭനം ഒഴിവാക്കാന്‍ ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ പി. എം. സെയ്ത് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം പരാജയപ്പെട്ടു. ഗുജറാത്ത് പ്രശ്നത്തിലുള്ള തങ്ങളുടെ നിലപാട് മാറ്റില്ലെന്ന് പ്രതിപക്ഷം ഒന്നടങ്കം യോഗത്തില്‍ കര്‍ക്കശനിലപാടെടുത്തതോടെയാണ് യോഗം പരാജയപ്പെട്ടത്.
ഇതിനെ തുടര്‍ന്ന് ഗുജറാത്ത് പ്രശ്നത്തെ ചൊല്ലി ഏപ്രില്‍ 19വെള്ളിയാഴ്ചയും പാര്‍ലമെന്റ് സ്തംഭിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പാര്‍ലമെന്റ് നടപടികള്‍ തുടരാനാകാതെ പിരിഞ്ഞത്.
ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നരേന്ദ്ര മോഡിയെ മാറ്റണമെന്നും ഗുജറാത്ത് പ്രശ്നത്തെ പറ്റി 184-ാം നിയമം അനുസരിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷം യോഗത്തില്‍ ആവശ്യപ്പെട്ടു. അതേ സമയം 193-ാം നിയമമനുസരിച്ച് ചര്‍ച്ച നടത്താമെന്നായിരുന്നു പ്രധാനമന്ത്രി എ. ബി. വാജ്പേയിയുടെ നിര്‍ദേശം.
184-ാം നിയമം അനുസരിച്ചുള്ള ചര്‍ച്ചയ്ക്കു ശേഷം വോട്ടെടുപ്പ് ഉണ്ടാവും. എന്നാല്‍ 193-ാം നിയമമനുസരിച്ചുള്ള ചര്‍ച്ചയില്‍ വോട്ടെടുപ്പ് വേണ്ടതില്ല. 184-ാം നിയമം അനുസരിച്ച് ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്.
അതേ സമയം 184-ാം നിയമം അനുസരിച്ചുള്ള ചര്‍ച്ചയ്ക്കു ശേഷമുള്ള വോട്ടെടുപ്പില്‍ എന്‍ഡിഎയിലെ സഖ്യകക്ഷികളും സര്‍ക്കാരിനെതിരായി വോട്ട് ചെയ്യുമെന്ന് ഭയക്കുന്നതുകൊണ്ടാണ് ബിജെപി 184-ാം നിയമം അനുസരിച്ചുള്ള ചര്‍ച്ചയെ എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
മോഡിയെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന തെലുങ്കുദേശവും തൃണമൂല്‍ കോണ്‍ഗ്രസും 184-ാം നിയമം അനുസരിച്ചുള്ള ചര്‍ച്ചയ്ക്ക് എതിരായിരുന്നു.
ഏപ്രില്‍ 22 തിങ്കളാഴ്ചയാണ് പാര്‍ലമെന്റ് ഇനി ചേരുന്നത്.












Click it and Unblock the Notifications