മാണിക്ക് സുധാകരന്റെ ജാമ്യം
തിരുവനന്തപുരം: മന്ത്രിസഭായോഗത്തില്‍ മാണിയുമായി ഇടഞ്ഞ മന്ത്രി സുധാകരന്‍ അടങ്ങി. ഇപ്പോള്‍ അദ്ദേഹം മാണിസാറിനെ രക്ഷിക്കാനുള്ള പുറപ്പാടിലാണ്. ഇടുക്കി മതികെട്ടാന്‍ മലയിലെ വനഭൂമി കയ്യേറിയതിനു പിന്നില്‍ മന്ത്രി മാണിക്കു യാതൊരു ബന്ധവുമില്ലെന്ന് പറയാന്‍ മാത്രം സുധാകരന്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി.
മാണിസാറിനെ രക്ഷിക്കാന്‍ കണ്ണൂരിലെ തീപ്പൊരിയായ ഈ നേതാവിന് എന്താണ് ഇത്രയും തിടുക്കമെന്നറിയുന്നില്ല. ഇപ്പോള്‍ മതികെട്ടാന്‍ മലയിലെ വനഭൂമികയ്യേറ്റം മുഴുവന്‍ ജില്ലാകളക്ടറുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും തലയില്‍ കെട്ടിവയ്ക്കാനാണ് വനംമന്ത്രിയുടെ ശ്രമം.
ഈ കയ്യേറ്റത്തിന് പിന്നില്‍ റവന്യൂ മന്ത്രിയുടെ അറിവോ രാഷ്ട്രീയ സമ്മര്‍ദ്ദമോ ഉണ്ടായിരുന്നതായി കരുതുന്നില്ല. - വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ പറഞ്ഞു. ഈ പ്രശ്നത്തെക്കുറിച്ച് മന്ത്രി മാണിയുമായി മന്ത്രിസഭായോഗത്തില്‍ താന്‍ ഇടഞ്ഞിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
സുധാകരന്‍ ആരെയാണ് ഭയപ്പെടുന്നത്? മന്ത്രിസഭയുടെ പ്രതിച്ഛായ കളങ്കപ്പെടുന്ന ഭയമാണോ? അതോ, മാണിയുടെ സമ്മര്‍ദ്ദഫലമായി യുഡിഎഫിന്റെ ചാണക്യന്‍ ഉമ്മന്‍ചാണ്ടി ചെലുത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമായാണോ സുധാകരന്റെ ഈ വാര്‍ത്താസമ്മേളനം?
3,000 ഏക്കര്‍ വനഭൂമിയാണ് ഇവിടെ കയ്യേറിയിട്ടുള്ളത്. വെട്ടിമാറ്റിയായിരുന്നു കയ്യേറ്റം. മാത്യുവിന്റെ ബന്ധുക്കളാണ് ഈ കയ്യേറ്റത്തിന് പിന്നിലെന്നാണ് സുധാകരന്റെ ഭാഷ്യം. വനംവകുപ്പ് കയ്യേറ്റക്കാരെ മൂന്നുവട്ടം ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവത്രെ. ഇതിന് തടസ്സം നിന്നത് ജില്ലാ കളക്ടറായിരുന്നുവെന്നും സുധാകരന്‍ പറയുന്നു.
പക്ഷെ സി.കെ. ജാനു നിരത്തുന്നത് മതികെട്ടാന്‍ മലയിലെ കയ്യേറ്റത്തിന്റെ മറ്റൊരു മുഖമാണ്. കയ്യേറ്റത്തിന് പിന്നില്‍ മാണി മാത്രമല്ല സുധാകരനും ഉണ്ടെന്നാണ് ജാനുവിന്റെ ആരോപണം. ഇതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും ജാനു ആവശ്യപ്പെട്ടു.
റവന്യൂ മന്ത്രി മാണിയുടെ ഇളയമകളുടെ ഭര്‍ത്താവിന്റെ അച്ഛനുള്‍പ്പടെയുള്ളവരാണ് മതികെട്ടാനില്‍ ഭൂമി കയ്യേറിയതെന്നാണ് ജാനു പറയുന്നത്. ഭൂമി കയ്യേറിയവരില്‍ 14 വന്‍കിട മുതലാളിമാരുണ്ട്. റവന്യൂ വകുപ്പ് ഇവര്‍ക്ക് വ്യാജപട്ടയവും നല്കിക്കഴിഞ്ഞു. സര്‍ക്കാര്‍ വനഭൂമി ഇങ്ങിനെ മറിച്ചുവിറ്റതില്‍ ഡിഎഫ്ഒ പ്രകൃതി ശ്രീവാസ്തവ, ദേവികുളം ഫോറസ്റ് റെയ്ഞ്ചര്‍ വി.കെ. ഫ്രാന്‍സിസ് എന്നിവര്‍ മുഖ്യ പങ്കുവഹിച്ചതായും ജാനു പറയുന്നു. വനംമാഫിയയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് വനംമന്ത്രി സുധാകരന്‍ രംഗത്ത് വന്നിരിക്കുന്നതെന്നും ആരോപണമുണ്ട്.
അങ്ങിനെയെങ്കില്‍ സുധാകരാ, കൊള്ളാം!












Click it and Unblock the Notifications