ഇന്ന് തൃശൂര്‍ പൂരം
തൃശൂര്‍: പൂരങ്ങളുടെ പൂരത്തിന് ഏപ്രില്‍ 23 ചൊവാഴ്ച തുടക്കമായി. ചൊവാഴ്ച പുലര്‍ച്ചെ ചെറുപൂരങ്ങളുടെ വരവോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കമായത്.
രാവിലെ എട്ടരയോടെ ക്ഷേത്ര നട അടച്ചതിന് ശേഷമായിരുന്നു ചെറുപൂരങ്ങളുടെ വരവ്. പഞ്ചവാദ്യം കേള്‍ക്കാനായി നിന്ന ആയിരങ്ങളുടെ കാതില്‍ രാവിലെ 11.30ഓടെ പല്ലാവൂര്‍ കുഞ്ഞുകുട്ടമാരാരുടെ തിമിലയില്‍ നിന്ന് ആദ്യതാളമുയര്‍ന്നു. പഞ്ചവാദ്യത്തിന്റെ മേളക്കൊഴുപ്പില്‍ ആയിരങ്ങള്‍ നിശബ്ദരായി ലയിച്ചു.
ഉച്ചയ്ക്ക് രണ്ട്മണിയോടെ ഇലഞ്ഞിത്തറമേളം തുടങ്ങും. ഇത് വൈകീട്ട് നാലര വരെ തുടരും. 250 ാളം മേളക്കാര്‍ ഈ മേളത്തിന് ഉണ്ടാവും. പൂരത്തിലെ ഏറ്റവും മികച്ച മേളമാണ് ഇലഞ്ഞിത്തറ മേളം.
കഴിഞ്ഞ തവണ ഇലഞ്ഞിത്തറ മേളം നടന്നപ്പോള്‍ ഉണ്ടായിരുന്ന ഇലഞ്ഞി ഇപ്പോള്‍ അവിടെ ഇല്ല. ഇലഞ്ഞി മറിഞ്ഞുവിണതിനെ തുടര്‍ന്ന് അതേ സ്ഥാനത്ത് മറ്റൊരു ചെറു ഇലഞ്ഞി വച്ചുപിടിപ്പിച്ചിട്ടുണ്ട്. ആ പുതിയ ഇലഞ്ഞിയുടെ ചുവട്ടിലാണ് ഇത്തവണത്തെ ഇലഞ്ഞിത്തറ മേളം.
വൈകുന്നേരം അഞ്ചുമണിയോടെ തെക്കോട്ടിറക്കം നടക്കും. 5.30 ഓടെ പാറമേക്കാവും തിരുവമ്പാടിയും കുടമാറ്റം നടത്തും. വെളുപ്പിന് എല്ലാം മറന്ന് ഒന്നായി നില്‍ക്കുന്ന ജനസഹസ്രത്തിന് മുന്നില്‍ വെടിക്കെട്ടിന്റെ പ്രകാശക്കാഴ്ചകളുണരും. ഇന്ദ്രിയങ്ങള്‍ ലയിപ്പിച്ച് പ്രകാശ ഗോപുരങ്ങളിലേക്ക് തുറക്കുന്ന മനസുമായി ഭക്തര്‍ ഉത്സവ ലഹരിയിലാറാടും. വെടിക്കെട്ടിലെ ചെവി അടപ്പിയ്ക്കുന്ന കൂട്ടപ്പൊരിച്ചിലിനായി കാത്തിരിയ്ക്കുകയാണ് പൂരക്കമ്പക്കാര്‍.
വെളുപ്പിന് മൂന്നിന് തിരുവമ്പാടി കരിമരുന്നിന് തിരികൊളുത്തുന്നതോടെ വെടിക്കെട്ട് അതിന്റെ മൂര്‍ധന്യത്തിലെത്തും. ബുധനാഴ്ച രാവിലെ പകല്‍ പൂരം നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പൂരം അവസാനിക്കുന്നത്.












Click it and Unblock the Notifications