സേവനമേഖലയെ ഉപേക്ഷിക്കരുത് : വയലാര്‍ രവി
തിരുവനന്തപുരം : സേവനമേഖലയില്‍ നിന്നും പിന്മാറാനുളള സര്‍ക്കാരിന്റെ നയത്തോട് താന്‍ യോജിക്കുന്നില്ലെന്ന് വയലാര്‍ രവി. സാമ്പത്തിക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയും സേവനമേഖലയില്‍ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകും. എല്ലാം ലാഭക്കണ്ണോടെ കാണുന്ന നയം ശരിയല്ലെന്നും രവി ചൂണ്ടിക്കാട്ടി.
എഐസിസി ജനറല്‍ സെക്രട്ടറിയായ ശേഷം കേസരി സ്മാരക പത്രപ്രവര്‍ത്തക ട്രസ്റ് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പരിഷ്ക്കരണങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും ആരംഭിച്ചിട്ടില്ല. എന്നാല്‍ കാര്യങ്ങള്‍ ശരിയായ ദിശയിലേയ്ക്ക് നീങ്ങുന്ന സൂചനകള്‍ കാണുന്നുണ്ട്. ജനവിരുദ്ധമായ നടപടികളൊന്നും സാമ്പത്തിക പരിഷ്ക്കരണത്തിന്റേ പേരില്‍ സ്വീകരിക്കുകയില്ലെന്ന് താന്‍ കരുതുന്നതായി രവി പറഞ്ഞു.
വൈദ്യുതി, ജലവിതരണം തുടങ്ങിയ മേഖലകളില്‍ പരിഷ്ക്കാരം കൊണ്ടു വരുന്നത് വളരെ ശ്രദ്ധിച്ചാവണം. സൂക്ഷിച്ചു മാത്രമേ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്ന കാര്യം തീരുമാനിക്കാവൂ. ഗ്രാമീണ മേഖലയിലടക്കം ജീവിതച്ചെലവ് കുത്തനെ കൂട്ടാന്‍ ഈ ഒരു തീരുമാനം വഴിവയ്ക്കുമെന്ന് വയലാര്‍ രവി അഭിപ്രായപ്പെട്ടു. ശുദ്ധജലവിതരണച്ചുമതല പഞ്ചായത്തുകള്‍ക്ക് വിട്ടു കൊടുക്കണം.
എന്‍ടിപിസിയുമായുളള കരാര്‍ റദ്ദാക്കുന്നതാണ് സംസ്ഥാനത്തിന് നല്ലതെന്ന് രവി ചൂണ്ടിക്കാട്ടി. 600 കോടിയാണ് അതുവഴി ലാഭിക്കുന്നത്. വൈദ്യുതി ചാര്‍ജ് വര്‍ദ്ധന ഒഴിവാക്കാന്‍ അരമണിക്കൂര്‍ പവര്‍കട്ട് കൊണ്ട് കഴിയുമെങ്കില്‍ അങ്ങനെ തീരുമാനമെടുക്കണം. കട്ട് ഏര്‍പ്പെടുത്തുന്നതിനു മുമ്പ് ജനങ്ങളെ പറഞ്ഞു മനസിലാക്കണമെന്നും രവി പറഞ്ഞു.
കോണ്‍ഗ്രസിന്റെ സാമ്പത്തിക പരിഷ്ക്കരണത്തിന് മനുഷ്യമുഖം നല്‍കിയതില്‍ തനിക്കും പങ്കുണ്ടെന്ന് വയലാര്‍ രവി അവകാശപ്പെട്ടു. എല്ലാ ഗ്രൂപ്പുകള്‍ക്കും സ്വീകാര്യനായ ജനറല്‍ സെക്രട്ടറിയാകാനാണ് തനിക്ക് ആഗ്രഹമെന്നും അതിനാല്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്നും രവി അറിയിച്ചു.












Click it and Unblock the Notifications