ഗുല്‍ഷന്‍ വധം : കുറ്റക്കാരന്‍ ഒരാള്‍,1 7 പേരെ വിട്ടു
മുംബെ : കസെറ്റ് രാജാവ് ഗുല്‍ഷന്‍ കുമാര്‍ വധക്കേസിലെ 17 പ്രതികളെ സെഷന്‍സ് കോടതി വെറുതെ വിട്ടു. ഒരാളെ കുറ്റക്കാരനായി വിധിച്ചു. പ്രതികളില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
അഞ്ചു വര്‍ഷം നീണ്ട വിചാരണയ്ക്കു ശേഷം 2002 ഏപ്രില്‍ 24 ബുധനാഴ്ചയാണ് കോടതി കേസില്‍ വിധി പറഞ്ഞത്. കോടതിയില്‍ കുറ്റം ഏറ്റു പറഞ്ഞ മുഹമ്മദ് അലി ഷെയ്ഖിനെയും കോടതി വെറുതെ വിട്ടു. പ്രതിയുടെ ഭാവനയില്‍ നിന്നും മെനഞ്ഞെടുത്ത ഗൂഢാലോചനക്കഥ കോടതിയെ വിശ്വസിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിധിന്യായം പറയുന്നു. വന്‍ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് ജസ്റിസ് എം. എല്‍ തഹില്‍ലിയാനി വിധി വായിച്ചത്.
അബ്ദുള്‍ റൗഫ് ദൗദ് മര്‍ച്ചന്റിനെയാണ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത്. ഗുല്‍ഷന്‍ കുമാറിനെ കൊല ചെയ്തത് ഇയാളാണെന്ന് കോടതി കണ്ടെത്തി. കൊലക്കുറ്റം, കൊലപാതക ശ്രമം, കവര്‍ച്ച, കൊല ചെയ്യാനുളള ഉദ്ദേശത്തോടെയുളള കവര്‍ച്ച മുതലായ കുറ്റങ്ങളാണ് ഇയാളുടെ മേല്‍ ചുമത്തിയിട്ടുളളത്.
വിട്ടയയ്ക്കപ്പെട്ടവരില്‍ ടിപ്സ് കസെറ്റ് ഡയറക്ടര്‍ രമേഷ് തൗരാനി, കൊലയാളിയെന്ന് ആരോപിക്കപ്പെട്ട അബ്ദുള്‍ റഷീദ് ദൗദ് മര്‍ച്ചന്റ് എന്നിവര്‍ ഉള്‍പ്പെടുന്നു. ഗുല്‍ഷന്‍ കുമാറിനെ വധിക്കാന്‍ ദുബായിലെ വാടകക്കൊലയാളി അബു സലിമിനെ 25 ലക്ഷം രൂപയ്ക്ക് വാടകയ്ക്കെടുത്തത് രമേഷാണെന്നായിരുന്നു പ്രോസിക്യൂഷന്‍ ആരോപണം.
കൊലയില്‍ റഷീദിന്റെ പങ്കു തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വിധി ന്യായത്തില്‍ പ്രസ്താവിക്കുന്നു. കുറ്റക്കാരനെന്നു കണ്ടെത്തിയ റൗഫ് മര്‍ച്ചന്റിനുളള ശിക്ഷ ഏപ്രില്‍ 26 ന് വിധിയ്ക്കും. 1997 ഓഗസ്റ് 12 ന് മുബൈയിലെ ജുഹുവിലെ ജീത് നഗറില്‍ വച്ചാണ് ഗുല്‍ഷന്‍ കുമാറനെ കൊന്നത്.












Click it and Unblock the Notifications