കള്ള് ഷാപ്പ് ലൈസന്‍സ്: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി
കണ്ണൂര്‍: കള്ള് ഷാപ്പ് ലൈസന്‍സ് നേടാനായി വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൂട്ടുനിന്ന കണ്ണൂര്‍ ടോഡി വെല്‍ഫെയര്‍ ഫണ്ട് ഓഫീസറെ സസ്പെന്റ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ വി. വേണു ശുപാര്‍ശ ചെയ്തു.
വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് നേടിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പെരുമ്പടപ്പ്, കാര്‍ത്തികപുരം, മുക്കട എന്നിവിടങ്ങളിലെ മൂന്ന് ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് കളക്ടര്‍ എക്സൈസ് കമ്മിഷണറോട് ആവശ്യപ്പെട്ടു.
ആലക്കോട്ടെ മൂന്ന് ഷാപ്പുകള്‍ക്ക് 12 നടത്തിപ്പുകാരാണുള്ളതെന്ന് കാണിച്ച് വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയായിരുന്നു. ഷാപ്പ് ലൈസന്‍സിന് പരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് ലൈസന്‍സ് നേടുന്നതിനാണ് കൃത്രിമം കാണിച്ചത്. ഈ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് ഷാപ്പുടമകള്‍ ലൈസന്‍സ് നേടാനെത്തിയത്.
കൃത്രിമ രേഖകള്‍ സമര്‍പ്പിച്ച ചിലര്‍ കള്ള് ഷാപ്പ് ലൈസന്‍സ് നേടിയെടുത്തെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് പരാതി ലഭിച്ചിരുന്നു. മറ്റ് രേഖകളില്‍ കൃത്രിമത്വം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications