ആന്റണി മുഖ്യമന്ത്രി ആയിട്ട് 25 വര്‍ഷം
തിരുവനന്തപുരം : എ. കെ. ആന്റണി മുഖ്യമന്ത്രി പദമേറിയിട്ട് ഇന്ന് 25 വര്‍ഷം തികയുന്നു. ഇത്രയും കാലത്തിനിടയില്‍ ആന്റണി അഞ്ചുവര്‍ഷത്തില്‍ കുറഞ്ഞ കാലം മാത്രമേ മുഖ്യമന്ത്രി ആയിരുന്നിട്ടുള്ളു.
1977 ഏപ്രില്‍ 27നാണ് അറയ്ക്കല്‍ പറമ്പില്‍ കുര്യന്‍ ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായഇ ആദ്യമായി അധികാരമേല്ക്കുന്നത്. രാജന്‍ കേസിലെ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കെ. കരുണാകരന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ആ പദവി ഏറ്റെടുത്തത്.
37-ാം വയസില്‍ കേരളത്തിന്റെ ഭരണ സാരഥിയാകുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 18 മാസമേ ആന്റണിയ്ക്ക് ആ കസേരയില്‍ ഇരിക്കാനായുളളൂ. ചിക്കമംഗലൂരില്‍ ഇന്ദിരാ ഗാന്ധി മത്സരിയ്ക്കുന്നതില്‍ പ്രതിഷേധിച്ച് ആന്റണി സ്ഥാനം രാജിവച്ചു.
സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും പതിയെ പതിയെ ഇന്ത്യയിലെ എണ്ണപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായി ആന്റണി വളര്‍ന്നു. വിമോചന സമരത്തിന്റെ ഉപോല്‍പന്നമെന്ന് കമ്മ്യൂണിസ്റുകാര്‍ കളിയാക്കി വിളിയ്ക്കുന്ന ആന്റണി 1973ല്‍ കെപിസിസിയുടെ പ്രസിഡന്റായി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പിസിസി പ്രസിഡന്റെന്ന പദവിയും അതോടെ ആന്റണിയ്ക്ക് സ്വന്തമായി. തുടര്‍ന്ന് 1979, 87 വര്‍ഷങ്ങളില്‍ അദ്ദേഹം കെപിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1984ല്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി അന്നത്തെ പ്രധാനമന്ത്രിയും എഐസിസി അദ്ധ്യക്ഷയുമായ ഇന്ദിരാ ഗാന്ധി നിയമിച്ചു. ഒരിക്കല്‍ താന്‍ നഖശിഖാന്തം എതിര്‍ത്ത ഇന്ദിരയെക്കൊണ്ട് തന്നെ അംഗീകരിപ്പിക്കാന്‍ ആന്റണിയ്ക്കു കഴിഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് വടവൃക്ഷമായ കരുണാകരനുമായി ഇഞ്ചോടിഞ്ച് പൊരുതിയാണ് ആന്റണി വളര്‍ന്നത്. 1992ലെ കെപിസിസി അദ്ധ്യക്ഷപദത്തിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഒരു കാലത്ത് ആന്റണിയുടെ ഉറ്റമിത്രമായിരുന്ന വയലാര്‍ രവിയെക്കൊണ്ട് കരുണാകരന്‍ ആന്റണിയെ തോല്‍പ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് കലഹം തെരുവു യുദ്ധമായി മാറിയ കാലമായിരുന്നു അത്.
തുടര്‍ന്ന് നടന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ അര്‍ജുന്‍ സിംഗിനു തൊട്ടു പിന്നില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി ആന്റണി വീണ്ടും ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായി. 1993 ജനവരി 17ന് നരസിംഹ റാവു മന്ത്രിസഭയില്‍ സിവില്‍ സപ്ലൈസ് മന്ത്രിയായി നിയമിക്കപ്പെട്ടു.
പഞ്ചസാര കുംഭകോണം അന്വേഷിച്ച ജ്ഞാനപ്രകാശ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായതിന്റെ പേരില്‍ 1994ല്‍ കേന്ദ്രമന്ത്രി പദം രാജിവച്ചു. ആരോപണമുണ്ടായാല്‍ നിമിഷം വൈകാതെ രാജി വയ്ക്കുന്ന ത്യാഗിയുടെ പരിവേഷവുമായി റാവു മന്ത്രിസഭയില്‍ നിന്നും ആന്റണി പടിയിറങ്ങി.
ചാരക്കേസ് ആരോപിച്ച് ഉമ്മന്‍ചാണ്ടിയും സംഘവും തീര്‍ത്ത വാരിക്കുഴിയില്‍ കരുണാകരന്‍ വീണപ്പോള്‍ 1995ല്‍ വീണ്ടും കേരള മുഖ്യമന്ത്രി. ചാരായ നിരോധനത്തിന്റെ ഗ്ലാമറില്‍ മത്സരിക്കാനിറങ്ങിയെങ്കിലും മുന്നണി തോറ്റതു കാരണം പ്രതിപക്ഷ നേതാവ്. 2001ലെ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് സീറ്റുകളോടെ യുഡിഎഫിനെ അധികാരത്തിലേയ്ക്കു നയിച്ചു.












Click it and Unblock the Notifications