കയറ്റിറക്ക് : ഉടമയ്ക്ക് പൂര്‍ണാധികാരം
തിരുവനന്തപുരം : വീട്ടാവശ്യങ്ങള്‍ക്കുളള കയറ്റിറക്ക് ജോലികളുടെ പൂര്‍ണാധികാരം തൊഴിലുടമയ്ക്ക് നല്‍കുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ ജോലികള്‍ ഉടമയ്ക്ക് നേരിട്ടോ അയാള്‍ നിശ്ചയിക്കുന്ന ആളിനെക്കൊണ്ടോ ചെയ്യിക്കാവുന്നതാണ്. ഈ മേഖലയില്‍ നിലനില്‍ക്കുന്ന ദുഷ്പ്രവണതകള്‍ ഒഴിവാക്കുന്നതിനാണ് പുതിയ നിയമം.
ഏപ്രില്‍ 25 വ്യാഴാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ നിയമത്തിന്റെ കരട് രൂപം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. മെയ് രണ്ടിന് ട്രേഡ് യൂണിയന്‍ നേതാക്കളുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തുന്നുണ്ട്. ട്രേഡ് യുണിയന്‍ നേതാക്കള്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങളില്‍ സ്വീകാര്യമായവ കൂടി ഉള്‍പ്പെടുത്തിയാണ് നിയമത്തിന് അന്തിമ രൂപം നല്‍കുന്നത്.
കയറ്റിറക്കുമേഖലയിലെ അസംഘടിത തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം നല്‍കുന്നതിനാണ് 1978ല്‍ കേരള ചുമട്ടു തൊഴിലാളി നിയമം നടപ്പാക്കിയത്. എന്നാല്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്ന ആശാസ്യമല്ലാത്ത പ്രവണതകള്‍ നിയന്ത്രിക്കുന്നതിനാണ് പുതിയ നിയമം കൊണ്ടു വരുന്നത്.
കളക്ടര്‍ ചെയര്‍മാനും ലേബര്‍ ഓഫീസര്‍ കണ്‍വീനറുമായ സമിതികള്‍ ജില്ലകള്‍ തോറും രൂപീകരിക്കും. ഈ സമിതികളാണ് ആ ജില്ലയിലെ കയറ്റിറക്ക് കൂലി നിശ്ചയിക്കുന്നത്.
തൊഴിലുടമയുടെ തീരുമാനം അന്തിമമാണെന്നും കയറ്റിറക്ക് ജോലികള്‍ സ്വന്തമായി ചെയ്യാമെന്നും പുതിയ തൊഴില്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. ഈ നിരക്കനുസരിച്ച് തൊഴിലെടുക്കാന്‍ തൊഴിലാളികള്‍ ബാദ്ധ്യസ്ഥരായിരിക്കും. വീട്ടാവശ്യങ്ങള്‍ക്കും അല്ലാത്തതുമായ കയറ്റിറക്കുകള്‍ പ്രത്യേകമായി നിര്‍വചിക്കും.
ജോലി തടസപ്പെടുത്തുക, ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക, ഭയപ്പെടുത്തി അധികം കൂലി വാങ്ങുക തുടങ്ങിയ പ്രവൃത്തികള്‍ ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കും. മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവു ശിക്ഷയോ 2,000 രൂപ മുതല്‍ 10,000 രൂപ വരെ പിഴ ശിക്ഷ നല്‍കാനോ ബില്ലില്‍ വ്യവസ്ഥയുണ്ട്.
തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് അസിസ്റന്റ് ലേബര്‍ ഓഫീസറേയും പൊലീസ് വകുപ്പിനെയും ചുമതലപ്പെടുത്തും. 1978ലെ ചുമട്ടു തൊഴിലാളി നിയമത്തിന്റെ കീഴില്‍ വിജ്ഞാപനം ചെയ്തിട്ടുളള വ്യവസായ, വാണിജ്യ മേഖലകളില്‍ ഈ നിയമത്തിന് പ്രാബല്യം ഉണ്ടാകില്ലെന്നും യുഡിഎഫ് യോഗം അംഗീകരിച്ച രൂപരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications