ഫാദര്‍ പള്ളത്ത് യുദ്ധം നിര്‍ത്തുന്നില്ല
കോഴിക്കോട്: ഫാ. ജെ.ജെ. പള്ളത്ത് സമരം നിര്‍ത്താനൊരുക്കമല്ല. തന്നെ സഭയില്‍ നിന്നും പുറത്താക്കിയ അധികൃതര്‍ക്കെതിരെ സമരം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഫാ. ജെ.ജെ. പള്ളത്ത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതേ ആവശ്യം ഉന്നയിച്ച് അദ്ദേഹം നടത്തിവന്ന സമരം നിരാഹാരസമരത്തിലേക്ക് നീങ്ങുന്നതോടെ കോഴിക്കോടെ ജെസ്യൂട്ട് സഭയെ ചുറ്റിപ്പറ്റി വീണ്ടും വിവാദം തലപൊക്കുകയാണ്.
2000 ഏപ്രില്‍ 29നാണ് കോഴിക്കോട് ക്രൈസ്റ് ഹാള്‍ ആശ്രമത്തിലെ ചുമതലകളില്‍ നിന്നും ഫാ. പള്ളത്തിനെ പുറത്താക്കിയത്. എന്നാല്‍ ഇത് മനുഷ്യാവകാശലംഘനമാണെന്ന് ആരോപിച്ച് അന്നേ ഫാദര്‍ സമരം തുടങ്ങി. സഭയില്‍ തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. അന്ന് ഫാ. പള്ളത്തിന്റെ ഈ ഒറ്റയാന്‍ സമരം ഏറെ ശ്രദ്ധാവിഷയമായിരുന്നു.
ഇനി അദ്ദേഹത്തെ സഭയില്‍ തിരിച്ചെടുക്കുക എന്ന വിഷയം ചര്‍ച്ചചെയ്യേണ്ട ആവശ്യം പോലുമില്ല. കാരണം വത്തിക്കാനില്‍ നിന്നും മാര്‍പ്പാപ്പ നേരിട്ട് നിയോഗിച്ച സംഘം ഫാ. പള്ളത്തിനെ പുറത്താക്കിയ നടപടി ശരിവച്ചുകഴിഞ്ഞു- സൊസൈറ്റി ഓഫ് ജീസസിന്റെ സെക്രട്ടറി ഫാ. ജോസ് കൈപറമ്പില്‍ പറഞ്ഞു.
എന്നാല്‍ വത്തിക്കാന്റെ തീരുമാനത്തിന് മുന്നില്‍ തലകുനിക്കാനൊന്നും ഫാ. പള്ളത്ത് ഒരുക്കമല്ല. വത്തിക്കാന്റെ ഈ തീരുമാനം മനുഷ്യാവകാശലംഘനമാണെന്ന് ആരോപിച്ച് മെയ് 11 മുതല്‍ മരണം വരെ നിരാഹാരം തുടങ്ങാനാണ് ഇപ്പോള്‍ ഫാ. പള്ളത്തിന്റെ തീരുമാനം. കേരളത്തിലെ ചില മനുഷ്യാവകാശസംഘടനകളും അദ്ദേഹത്തോടൊപ്പമുണ്ട്. എന്നാല്‍ ഫാ. പള്ളത്തിനെ ഇനി സഭയില്‍ തിരിച്ചെടുക്കാനാവില്ലെന്ന നിലപാടിലാണ് ജെസ്യൂട്ട് അധികൃതര്‍..












Click it and Unblock the Notifications