പ്രമേയം കൊളളാം ; പക്ഷേ അനുകൂലിയ്ക്കാനാവില്ല
ചെന്നൈ : പ്രതിപക്ഷം അവതരിപ്പിക്കുന്ന ശാസനാ പ്രമേയത്തിന്മേല് സര്‍ക്കാരിനെതിരെ വോട്ടു ചെയ്യില്ലെന്ന് ഡിഎംകെ.
ഗുജറാത്തില്‍ അവസാനമില്ലാതെ തുടരുന്ന വര്‍ഗീയ കലാപത്തില്‍ പാര്‍ട്ടിയ്ക്ക് ആശങ്കയുണ്ട്. എന്നാല്‍ പാര്‍ട്ടി ഇപ്പോഴും എന്‍ഡിഎയില്‍ തുടരുന്നതിനാല്‍ സര്‍ക്കാരിനെതിരെ വോട്ടു ചെയ്യില്ലെന്ന് പാര്‍ട്ടി നേതാവ് കരുണാനിധി പറഞ്ഞു.
ഡിഎംകെ നിയമസഭാകക്ഷി യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് കലാപത്തെക്കുറിച്ചുളള പ്രതിപക്ഷത്തിന്റെ ഉല്‍കണ്ഠയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ പ്രമേയത്തെ പിന്താങ്ങാന് നിവൃത്തിയില്ല. കരുണാനിധി വ്യക്തമാക്കി.
സര്‍ക്കാരിന്റെ ദേശീയ അജണ്ടയില്‍ നിന്നും ഒരിഞ്ച് പിന്നോട്ട് നീങ്ങാന്‍ ബിജെപിയെ തങ്ങള്‍ അനുവദിക്കുകയില്ലെന്ന് അദ്ദേഹം അറിയിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കലാപം അവസാനിക്കാത്തതെന്ത് എന്നത് പരിഗണിക്കപ്പെടേണ്ട ചോദ്യം തന്നെയാണെന്ന് കരുണാനിധി പറഞ്ഞു.