വിട പറയുന്ന പരമ്പരാഗത നിര്‍മ്മാണ രീതികള്‍
കൊച്ചി : സംരക്ഷിക്കാന്‍ ആളില്ലാത്തതിനാല്‍ കേരളത്തിലെ പുരാതന കെട്ടിട നിര്‍മ്മാണ രീതികള്‍ അന്യം നില്‍ക്കുന്നു. കാലാവസ്ഥയ്ക്കും ഭൂപ്രകൃതിയ്ക്കും അനുസരിച്ച് പൂര്‍വികര്‍ രൂപപ്പെടുത്തിയ വാസ്തുവിദ്യാ മാതൃകകളാണ് ഇങ്ങനെ കാലഹരണപ്പെടുന്നത്.
കോണ്‍ക്രീറ്റ് ഭ്രമം കയറിയ കേരളീയര്‍ക്ക് ഇന്ന് പുരാതന രീതികളോട് പുച്ഛമാണ്. കൊടും വേനലില്‍ ഇത്തരം കെട്ടിടങ്ങള്‍ക്കകത്തു കിടന്ന് വെന്തുരുകുമ്പോഴും പഴമയുടെ ഗുണങ്ങള്‍ തിരിച്ചറിയപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യുന്നില്ല.
സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാല്‍ മലയാളി പരമ്പരാഗത നിര്‍മ്മാണ രീതികള്‍ പൊളിച്ചടുക്കി. ഭരണപരിഷ്ക്കാരങ്ങളും കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും ഒരളവു വരെ പഴയ നിര്‍മ്മാണ രീതികളുടെ തിരോധാനത്തിന് കാരണമായിട്ടുണ്ട്.
വാസ്തുവിദ്യയെക്കുറിച്ച് കൊച്ചിയില്‍ നടക്കുന്ന ദേശീയ സെമിനാറിലെ നിഗമനങ്ങള്‍ ശ്രദ്ധിക്കുക. 14ഓളം വ്യത്യസ്ത നിര്‍മ്മാണ രീതികള്‍ കൊച്ചിയിലുണ്ടെന്ന് സെമിനാറില്‍ അവതരിപ്പിക്കപ്പെട്ട ഒരു പ്രബന്ധം ചൂണ്ടിക്കാട്ടുന്നു. ഇവയൊക്കെ സംരക്ഷിക്കാന്‍ നിയമമോ താല്‍പര്യമോ അധികാരികള്‍ക്കോ സമൂഹത്തിനോ ഇല്ല. ഈ കെട്ടിടങ്ങളെല്ലാം പതിയെ പുതിയ നിര്‍മ്മാണ രീതിയിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്.
പഴമയുടെ പ്രൗഡി വിളിച്ചറിയിക്കുന്ന ഒട്ടേറെ സ്മാരകങ്ങള്‍ കൊച്ചിയിലുണ്ട്. നിര്‍മ്മാണ ചാതുര്യം വിളിച്ചു പറയുന്ന ക്ഷേത്രങ്ങളാല്‍ സമ്പന്നമാണ് കേരളം. എന്നാല്‍ ഇവയൊന്നും നമ്മുടെ സവിശേഷമായ ശ്രദ്ധയോ പരിചരണമോ നേടുന്നില്ല. ഫോര്‍ട്ട് കൊച്ചിയും തൃപ്പൂണിത്തുറ കൊട്ടാരവും പാര്‍ക്ക് അവന്യൂവുമൊക്കെ കോട്ട മന്ദിരങ്ങളുടെ അപൂര്‍വമായ ശില്‍പ വൈദഗ്ദ്ധ്യം വിളിച്ചറിയിക്കുന്നവയാണ്.
പുരാതന സ്മാരകങ്ങളാക്കി സംരക്ഷിക്കപ്പെടേണ്ടതാണ് ഇവയൊക്കെ. ഫലപ്രദമായ നിയമത്തിന്റെ അഭാവവും ഭരണാധികാരികളുടെ താല്‍പര്യക്കുറവുമാണ് ഇവ സംരക്ഷിക്കപ്പെടാതെ നശിക്കുന്നതിനും പലതും അന്യാധീനപ്പെടുന്നതിനും കാരണം. ഒരു സംസ്ക്കാരത്തിന്റെ ഓര്‍മ്മക്കുറിപ്പ് എന്നതിനപ്പുറം കേരളീയന്റെ നിത്യജീവിതവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്ന ഒരു നിര്‍മ്മാണ രീതി എന്നനിലയിലും ഇവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.












Click it and Unblock the Notifications