മതികെട്ടാനിലെ ഭൂമി ഒഴിപ്പിക്കല്‍ മാറ്റിവെച്ചു
കോട്ടയം: മതികെട്ടാന്‍മലയിലെ കൈയേറിയ ഭൂമി ഒഴിപ്പിക്കുന്നത് വിശദ പഠനത്തിന് ശേഷം മതിയെന്ന് ഭൂമി കൈയേറ്റത്തെ കുറിച്ച് അന്വേഷിക്കുന്ന ഉന്നതതല സമിതി തീരുമാനിച്ചു.
മെയ് ഒന്ന് ബുധനാഴ്ച മതികെട്ടാനിലെ ഭൂമികൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. അവസാന നിമിഷത്തിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള സമിതിയുടെ തീരുമാനത്തില്‍ മാറ്റമുണ്ടായത്.
ഭൂമി കൈയേറ്റ മാഫിയയുടെ സമ്മര്‍ദമാണ് സമിതിയുടെ ഈ നിലപാടിന് പിന്നിലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സമിതിയുടെ മുന്നിലെത്തിയിട്ടുള്ള എല്ലാ രേഖകളും പഠിച്ചതിന് ശേഷം കൈയേറിയ ഭൂമി ഒഴിപ്പിക്കാനാണ് തീരുമാനം. ഇത്തരമൊരു വിശദ പഠനത്തിന് മാസങ്ങളെടുക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മഴക്കാലം തുടങ്ങിയാല്‍ മതികെട്ടാന്‍ പോലുള്ള പ്രദേശത്ത് ഒഴിപ്പിക്കല്‍ ദുസ്സാധ്യമായ കാര്യമാണ്. ഇതും ഭൂമി കൈയേറ്റക്കാര്‍ക്ക് ഗുണം ചെയ്യും. പാരിസ്ഥിതികമായി വളരേയേറെ സവിശേഷതകളുള്ള ഭൂമി കൈയറ്റേക്കാരുടെ കൈയില്‍ കൂടുതല്‍ കാലമിരിക്കുന്നത് ദോഷം ചെയ്യും. ഭൂമി കൈയേറ്റക്കാരുടെ താത്പര്യമാണ് സമിതി സംരക്ഷിക്കുന്നതെന്ന ആരോപണം ശരിവെക്കുന്നതാണ് ഈ വസ്തുതതകള്‍.
മതികെട്ടാനില്‍ വ്യാപകമായി ഭൂമി കൈയേറ്റം നടന്നിട്ടുണ്ടെന്ന് സമിതി അംഗങ്ങള്‍ ചൊവാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പലയിടത്തും പ്രഥമദൃഷ്യാ തന്നെ കൈയേറ്റം നടന്നിട്ടുണ്ടെന്ന് പറഞ്ഞ സമിതി അംഗങ്ങള്‍ ഭൂമി ഒഴിപ്പിക്കല്‍ ഉടന്‍ നടത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി. ബുധനാഴ്ച ഭൂമി ഒഴിപ്പിക്കുമെന്ന് അറിയിച്ച സമിതി പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.












Click it and Unblock the Notifications