തെലുങ്കുദേശം സ്പീക്കര്‍ സ്ഥാനം നിരസിച്ചു
ഹൈദരാബാദ്: ലോക്സഭാ സ്പീക്കര്‍ സ്ഥാനം തെലുങ്കുദേശം വേണ്ടെന്നുവെച്ചു. അതേ സമയം ദേശീയ ജനാധിപത്യ സഖ്യ സര്‍ക്കാരിന് പുറത്തു നിന്നുള്ള പിന്തുണ തുടരും.
തെലുങ്കുദേശം പാര്‍ട്ടി പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം പാര്‍ട്ടി പ്രസിഡന്റും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം അറിയിച്ചത്.
ഗുജറാത്ത് പ്രശ്നത്തില്‍ തങ്ങള്‍ക്ക് വളരെയേറെ ഉത്കണ്ഠയുണ്ട്. പ്രശ്നം ലോക്സഭയിലുയര്ത്തിയ തങ്ങള്‍ നാല് ആവശ്യങ്ങള്‍ ബിജെപിയ്ക്കു മുന്നില്‍ വെച്ചിരുന്നു. ബിജെപിയുടെ പ്രതികരണത്തില്‍ ഞങ്ങള്‍ തൃപ്തരല്ല. ഈ സാഹചര്യത്തില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് തെലുങ്കുദേശം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ല- നായിഡു വ്യക്തമാക്കി.
തെലുങ്കുദേശം പിന്മാറിയ സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ഥി സ്പീക്കറാവാനുള്ള സാധ്യതയേറി. മെയ് 10നാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ജി. എം. സി. ബാലയോഗി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് സ്പീക്കര്‍ സ്ഥാനത്ത് ഒഴിവ് വന്നത്.