മുരളി- പിള്ള യുദ്ധം മുറുകുന്നു
തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും മന്ത്രി ഗണേശനെ പുറത്താക്കുമെന്ന മുരളീധരന്റെ ഭീഷണി വിലപ്പോകില്ലെന്ന് മെയ് അഞ്ച് ഞായറാഴ്ച കേരള കോണ്‍ഗ്രസ്(ബി) നേതാവ് ബാലകൃഷ്ണപിള്ള പറഞ്ഞു. യുഡിഎഫ് ഏകോപനസമിതിയോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ ഗണേശനും കേരള കോണ്‍ഗ്രസ്(ബി)യും പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന വെല്ലുവിളി മുരളീധരന്‍ ഞായറാഴ്ച ആവര്‍ത്തിക്കുകയും ചെയ്തു.
ഇതോടെ കെ. മുരളീധരനും കേരളകോണ്‍ഗ്രസ്(ബി)യും തമ്മിലുള്ള വാക്യുദ്ധം പുതിയ തലങ്ങളിലേക്ക് വളരുകയാണ്. മതികെട്ടാന്റെ തലവേദനയ്ക്ക് പുറമെ യുഡിഎഫിന് മറ്റൊരു മുറിവായി മാറിയിരിക്കുകയാണ് ഈ മുരളി-പിള്ള വാക്പോരാട്ടം.
മുരളിയുടെ ഭീഷണി ഞാന്‍ കാര്യമാക്കിയിട്ടില്ലെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. വളരെ തരംതാണ പരാതിയാണ് മുരളിയുടേത്. ഇനി ഗണേശനെ മാറ്റണമെങ്കില്‍ ആന്റണിയും മുരളിയും കൂടി അത് ചെയ്യട്ടേയെന്നും ബാലകൃഷ്ണപിള്ള വെല്ലുവിളിച്ചു.
ഘടകകക്ഷികളെ ഒന്നൊന്നായി ക്രൂശിക്കുന്ന മുരളീധരന്റെ നടപടി ശരിയല്ലെന്ന് ഗതാഗതമന്ത്രി ഗണേശന്‍ പറഞ്ഞു. എല്ലാകാലത്തും മന്ത്രിയാകാമെന്ന് വാക്കുകൊടുത്തല്ല താന്‍ ആ കസേരയില്‍ ഇരിക്കുന്നതെന്നും ഗണേശന്‍ പറഞ്ഞു.
അതേ സമയം യുഡിഎഫ് ഏകോപനസമിതി യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുരളീധരന്‍ ആവര്‍ത്തിച്ചു. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്ന ഏകോപനസമിതിയോഗത്തില്‍ പലപ്പോഴും ഗണേശന്‍ പങ്കെടുക്കാറില്ല. അങ്ങിനെ പങ്കെടുത്തില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. താനും കെ. കരുണാകരനും ചേര്‍ന്നാണ് യുഡിഎഫ് രൂപീകരിച്ചതെന്ന ബാലകൃഷ്ണപിള്ളയുടെ വാദം തെറ്റാണ്. 1980ലാണ് യുഡിഎഫ് രൂപം കൊണ്ടതെന്നും മുരളി പറഞ്ഞു.കേരള കോണ്‍ഗ്രസ് പിള്ള വിഭാഗത്തിനെ യു ഡി എഫില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
അതേ സമയം യുഡിഎഫിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു തീര്‍ക്കാവുന്നതേയുള്ളൂവെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. കൂട്ടുകക്ഷി മന്ത്രിസഭയാകുമ്പോള്‍ ചില പ്രശ്നങ്ങളൊക്കെയുണ്ടാകും. അതെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ.- മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications