അധികാരം കിട്ടിയാല്‍ വിദേശയാത്ര ഹരം
തിരുവനന്തപുരം: വിനോദസഞ്ചാരത്തിന്റെ പേരില്‍ വിമാനസഞ്ചാരം എന്നതാണ് പത്മജയുടെ പുതിയ ലൈന്‍. ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിങ്ങനെയുള്ള റൂട്ടുകളില്‍ കേരളത്തിലെ വിനോദസഞ്ചാരമേഖലയെ പുഷ്ടിപ്പെടുത്താന്‍ വച്ചുപിടിക്കുകയാണ് പത്മജ.
ചെലവുചുരുക്കാന്‍ പറയുന്ന സര്‍ക്കാരിന്റെ മുഖത്തടിക്കും പോലെയാണ് ഇവരുടെ വിദേശയാത്ര. കരുണാകരപുത്രിക്ക് ചൂട്ടുപിടിക്കലാണ് തന്റെ ജോലി എന്ന മട്ടില്‍ ടൂറിസം മന്ത്രി കെ.വി. തോമസും പത്മജയോടൊപ്പം മത്സരിച്ച് യാത്ര ചെയ്യുന്നുണ്ട്. കേരളത്തിലെ ടൂറിസം മേഖല ഈ യാത്രകളിലൂടെ വളരുന്നത് കണ്ട് കേരളീയരായ നമുക്ക് രോമാഞ്ചപുളകിതരാകാം.
കഴിഞ്ഞ മാസം ലണ്ടനില്‍ പോയി മടങ്ങിവന്നതിന്റെ ക്ഷീണം ആറുന്നതിന് മുമ്പ് ഇതാ അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിന് പുറപ്പെടാന്‍ സംഘം തയ്യാറായിക്കഴിഞ്ഞു. വിമാനത്തില്‍ ഇനി സര്‍ക്കാര്‍ പ്രതിനിധികള്‍ ഇക്കോണമി ക്ലാസില്‍ മാത്രമേ യാത്രചെയ്യാവൂ എന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. ഛെ, ഇക്കോണമി ക്ലാസൊക്കെ പ്രതിച്ഛായ എന്ന രോഗം ബാധിച്ച മുഖ്യമന്ത്രിയ്ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും കൊള്ളുമോ? മുഖ്യമന്ത്രി കൂടി ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്ത് കരിപ്പൂരില്‍ ക്ഷീണിച്ച് വന്നിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ടൂറിസമായാല്‍ അതിന് അല്പം ഗമയൊക്കെ വേണമെന്ന് ആര്‍ക്കാണറിയാത്തത്. സംഗതി ഡോളറുകളില്‍ വരുമാനമുണ്ടാക്കുന്ന ബിസിനസ്സല്ലേ. അതുകൊണ്ട് എക്സിക്യൂട്ടീവ് ക്ലാസ്സില്‍ യാത്രചെയ്തതുകൊണ്ടൊന്നും ഒന്നും വരാനില്ല. ഇനി എക്സിക്യൂട്ടീവ് ക്ലാസ്സില്‍ യാത്ര ചെയ്യാന്‍ ഖജനാവില്‍ പണമില്ലെങ്കില്‍ പൊതുജനം എന്ന കഴുതയുടെ പക്കല്‍ നിന്ന് അല്പം നികുതി കൂടി പിരിച്ചാല്‍ മതിയല്ലോ? ഈ ആന്റണിയുടെ ഒരു കാര്യം!
അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ മന്ത്രിക്കും ചെയര്‍പേഴ്സണോടും ഒപ്പം എക്സിക്യൂട്ടീവ് ക്ലാസ്സില്‍ പറക്കാന്‍ ടൂറിസം സെക്രട്ടറി ടി. ബാലകൃഷ്ണന്‍, ടൂറിസം ഡയറക്ടര്‍ അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ, കെടിഡിസി എംഡി ഡോ. ഇളങ്കോവന്‍ എന്നിവരും ഉണ്ട്.
എക്സിക്യൂട്ടീവ് ക്ലാസില്‍ പറക്കുന്നതെന്തിനെന്ന് ശങ്കയുണ്ടെങ്കില്‍ ഉഗ്രന്‍ വിശദീകരണവും ടൂറിസം മന്ത്രിയുടെ ഓഫീസില്‍ നിന്ന് കിട്ടും. അതെന്തെന്നാല്‍ ടൂറിസം മേഖലയ്ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ടുപയോഗിച്ചാണ് ഈ യാത്രയെല്ലാം. ഇനി കെടിഡിസി ചെയര്‍പേഴ്സന്റെ വിമാനക്കൂലിയെക്കുറിച്ചാണ് ആശങ്കയെങ്കില്‍ ആ ചെലവെല്ലാം കൂട്ടരേ, കെടിഡിസി തന്നെയാണ് വഹിക്കുന്നത്. അതായത് അപ്പനപ്പൂപ്പന്‍മാര്‍ ഉണ്ടാക്കയിയ സ്വത്തില്‍ നിന്നാണെന്നര്‍ത്ഥം. മന്ത്രിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ചെലവ് പാവം സംസ്ഥാനസര്‍ക്കാര്‍ വഹിക്കുകയും ചെയ്യും. എന്താ പോരേ വിശദീകരണം.












Click it and Unblock the Notifications