നഗരസഭ അംഗത്തിനെതിരെ വധശ്രമം
ആലപ്പുഴ : ആശ്രാമം കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ബി. മെഹബൂബിനു നേരെ വധശ്രമം. ഇരുപതോളം വരുന്ന അക്രമിസംഘത്തില്‍ നിന്നും മെഹബൂബ് പരിക്കുകളില്ലാതെ രക്ഷപെട്ടു. അനധികൃത കെട്ടിട നിര്‍മ്മാണത്തെ എതിര്‍ത്തതിന്റെ പേരില്‍ നഗരസഭയിലെ ഉന്നതരുടെ അറിവോടെയാണ് വധശ്രമമെന്ന് മെഹബൂബ് ആരോപിയ്ക്കുന്നു.
ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. രാജാ എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ഒരു സംഘം മെഹബൂബിന്റെ വക എം. എം. ട്രേഡേഴ്സ് എന്ന കടയിലെത്തി ഇദ്ദേഹത്തെ ആക്രമിയ്ക്കുകയായിരുന്നു. അപ്പോള്‍ കടയിലുണ്ടായിരുന്ന മെഹബൂബിന്റെ ബന്ധു ഫൈസല്‍ ഇദ്ദേഹത്തെ മുറിയിലേയ്ക്ക് വലിച്ചിട്ടതിനാല്‍ കൊലപാതകം ഒഴിവായെന്ന് കണ്ടു നിന്നവര്‍ പറയുന്നു.
ബഹളം കേട്ട് സമീപത്തുളളവര്‍ ഓടിയെത്തിയപ്പോള്‍ അക്രമികള്‍ ഓടിമറഞ്ഞു. നഗരത്തില്‍ കോടതിപ്പാലത്തിനു സമീപം അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുന്ന രാജയുടെയും കണ്ടാലറിയാവുന്ന മുന്നു പേരുടെയും പേരില്‍ മെഹബൂബ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അനധികൃത കെട്ടിട നിര്‍മ്മാണത്തെക്കുറിച്ച് നഗരസഭാ യോഗത്തില്‍ തെളിവുകളോടെ ആരോപണമുന്നയിച്ചതിന് പകപോക്കിയതാണെന്ന് മെഹബൂബ് ആരോപിച്ചു. കോടതിപ്പാലത്തിനു സമീപം നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ മറ്റു കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം താനും എതിര്‍ത്തിരുന്നതാണ്. വിവാദം നിലനില്‍ക്കെയാണ് രാജ കോടതിപ്പാലത്തിനു കിഴക്കുഭാഗത്ത് കടമുറി പണിതത്.
ഒന്നര മാസം മുമ്പ് ഹൃദയസംബന്ധമായ അസുഖം മൂലം ഒരാഴ്ചയോളം ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു മെഹബൂബ്. കോണ്‍ഗ്രസിനാണ് ആലപ്പുഴ നഗരസഭാ ഭരണം.












Click it and Unblock the Notifications