കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോം ട്രേഡ് സിഇഒ റിമാന്റില്‍

  • By Staff
Google Oneindia Malayalam News

നാഗ്പൂര്‍: ഇ-ബിസിനസ്സ് രംഗത്തും ഓഹരിയിടപാട് രംഗത്തും പ്രവര്‍ത്തിച്ചിരുന്ന ഡോട്ട് കോം കമ്പനിയായ ഹോം ട്രേഡിന്റെ സിഇഒ സഞ്ജയ് അഗര്‍വാളിനെ മെയ് 18 വരെ റിമാന്റ് ചെയ്തുകൊണ്ട് കോടതി ഉത്തരവായി. നാഗ്പൂര്‍ ജില്ലാ സെന്‍ട്രല്‍ സഹകരണബാങ്കില്‍ 150 കോടി രൂപയുടെ തിരിമറി നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് സഞ്ജയ് അഗര്‍വാള്‍ അറസ്റിലായത്.

ഇദ്ദേഹത്തെ കൂടുതല്‍ ചോദ്യം ചെയ്യലിനായി മുംബൈയില്‍ കൊണ്ടുപോകാനും കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്കി. അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളുടെ പ്രിന്റൗട്ടുകള്‍ ശേഖരിക്കാനാണ് മുംബൈയിലേക്ക് കൊണ്ടുപോകാന്‍ ക്രൈംബ്രാഞ്ച് കോടതിയോട് അനുമതി ചോദിച്ചത്.

നവി മുംബൈയിലുള്ള ഇദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും ക്രൈംബ്രാഞ്ച് 25 കംപ്യൂട്ടറുകളും ഒരു ലാപ്ടോപും കണ്ടെടുത്തതായും പ്രോസിക്യൂഷന്‍ അറിയിച്ചു. ഈ അഴിമതിയില്‍ സഞ്ജയ് അഗര്‍വാളിനോടൊപ്പം പങ്കാളികളായ ഹോംട്രേഡ് ഡയറക്ടര്‍ എന്‍.എസ്. ത്രിവേദിയും ഗില്‍റ്റ് എഡ്ജ് മാനേജ്മെന്റ് സര്‍വീസസ് ഡയറക്ടര്‍ കേതന്‍ സേഥും ഒളിവിലാണ്.

ഒന്നരവര്‍ഷം മുമ്പ് വന്‍ താരനിരയെ അണിനിരത്തിക്കൊണ്ടുള്ള പരസ്യത്തിലൂടെയാണ് ഹോം ട്രേഡ് എന്ന ഡോട്ട്കോം കമ്പനി ശ്രദ്ധേയമായത്. സച്ചിന്‍, ഹൃത്വിക് റോഷന്‍, ഷാരൂഖ് ഖാന്‍ എന്നിവരാണ് ഹോംട്രേഡ് കമ്പനിയുടെ ടിവി പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

പക്ഷെ ഹോംട്രേഡിന് നേരെ സംശയത്തിന്റെ കരിനിഴല്‍ വീണത് 2002 ഏപ്രില്‍ 25നാണ്. നാഗ്പൂര്‍ സഹകരണബാങ്ക് ചെയര്‍മാന്‍ സുനില്‍ കേദാര്‍ നല്കിയ പരാതിയാണ് ഹോം ട്രേഡിന്റെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്നത്. അവര്‍ വിപണിയില്‍ വാരിവലിച്ചെറിഞ്ഞു കളിച്ചത് നാഗ്പൂര്‍ സഹകരണബാങ്കിന്റെ നിക്ഷേപത്തുകയായിരുന്നു.

നിക്ഷേപത്തുക വര്‍ധിപ്പിക്കാനുള്ള എളുപ്പവഴിയെന്ന നിലയ്ക്കാണ് നാഗ്പൂര്‍ സഹകരണബാങ്ക് സഞ്ജയ് അഗര്‍വാളിനെപ്പോലെയുള്ള ഓഹരിദല്ലാളന്മാര്‍ക്ക് അവരുടെ നിക്ഷേപത്തുക ഓഹരിവിപണിയില്‍ എറിയാന്‍ നല്കിയത്. എന്നാല്‍ ബാങ്കില്‍ നിന്നെടുത്ത കോടികള്‍ തിരിച്ചുനല്കാതെ വന്നപ്പോഴാണ് ബാങ്ക് ചെയര്‍മാന്‍ പരാതി നല്കിയത്. ഹോംട്രേഡിന് പുറമെ മുംബൈയിലെ ഗില്‍റ്റ് എഡ്ജ് മാനേജ്മെന്റ്, കൊല്‍ക്കത്തയിലെ ഇന്ദ്രാണി മര്‍ച്ചന്റ്സ്, അഹമ്മദാബാദിലെ സെഞ്ചുറി ഡീലേഴ്സ് ആന്റ് സിന്‍ഡിക്കേറ്റ് മാനേജ്മെന്റ് സര്‍വീസസ് എന്നിവരും ഈ ബാങ്കിലെ പണം അവിഹിതമായി സ്വീകരിച്ചവരാണ്. നാഗ്പൂര്‍ സഹകരണബാങ്കിന് പുറമെ മറ്റ് 20 ഓളം സഹകരണബാങ്കുകളുമായും ഈ നാലു കമ്പനികള്‍ അവിഹിത ഇടപാടുകള്‍ നടത്തിയിരുന്ന കഥ തൊട്ടടുത്ത ദിവസങ്ങളില്‍ പുറത്തുവന്നു. മഹാരാജ് സഹകരണബാങ്ക്, ഒസ്മാനാബാദ് സഹകരണബാങ്ക് എന്നിവിടങ്ങളില്‍ നിന്നും കോടികള്‍ ഹോംട്രേഡ് അടക്കമുള്ള ദല്ലാള്‍മാര്‍ പറ്റിയിരുന്നു.

ഏപ്രില്‍ 30 നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. അന്ന് തന്നെ സെബി ഹോംട്രേഡിനെ സസ്പെന്റ് ചെയ്തു. മെയ് ഒന്നിന് ക്രൈംബ്രാഞ്ച് നാഗ്പൂര്‍ സഹകരണബാങ്ക് ചെയര്‍മാന്‍ സുനില്‍ കേദാറിനെ അറസ്റുചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X