ജയിച്ചയാള്‍ അയോഗ്യനായാല്‍ തിരഞ്ഞെടുപ്പ്
ദില്ലി: രണ്ടിലധികം സ്ഥാനാര്‍ഥികള്‍ മത്സരിച്ച വോട്ടെടുപ്പില്‍ ജയിച്ച സ്ഥാനാര്‍ഥി അയോഗ്യനായാല്‍ കൂടുതല്‍ വോട്ട് ലഭിച്ച രണ്ടാമത്തെയാളെ വിജയിയായി പ്രഖ്യാപിക്കാനാവില്ലെന്ന് സുപ്രിം കോടതി വിധിച്ചു.
വിജയിച്ചയാള്‍ അയോഗ്യനായാല്‍ കൂടുതല്‍ വോട്ട് ലഭിച്ച രണ്ടാമത്തെയാളെ വിജയിയായി പ്രഖ്യാപിക്കാമെന്ന് ജന പ്രാതിനിധ്യ നിയമത്തില്‍ പറയുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഒരു വിധി റദ്ദാക്കിയ സുപ്രിം കോടതി ചൂണ്ടിക്കാട്ടി. പകരം വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
ജസ്റിസുമാരായ എം.ബി. ഷാ, ബി.പി. സിഗ്, എച്ച്.കെ. സെമ എന്നിവരുള്‍പ്പെട്ട മൂന്നംഗ ഡിവിഷന്‍ബെഞ്ചാണ് മെയ് 14 ചൊവാഴ്ച ഈ വിധി പ്രഖ്യാപിച്ചത്.
കര്‍ണാടകയിലെ ബല്‍കി നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് അയോഗ്യത കല്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ വോട്ട് ലഭിച്ച രണ്ടാമത്തെയാളായ വിജയ്കുമാര്‍ ഖണ്ടാരെയെ വിജയിയായി പ്രഖ്യാപിച്ച കര്‍ണാടക ഹൈക്കോടതി വിധിയാണ് സുപ്രിം കോടതി റദ്ദാക്കിയത്.
തിരഞ്ഞെടുക്കപ്പെട്ടയാള്‍ അയോഗ്യനായതു കൊണ്ട് അയാള്‍ക്ക് ലഭിച്ച വോട്ടുകള്‍ പാഴാണെന്ന് അനുമാനിക്കാവില്ലെന്ന് മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.












Click it and Unblock the Notifications