ഒത്തുതീര്‍പ്പ് കരാര്‍ പുനപരിശോധിയ്ക്കണമെന്ന് തോട്ടമുടമകള്‍
തിരുവനന്തപുരം : ഒത്തു തീര്‍പ്പാക്കിയ തോട്ടം തൊഴിലാളികളുടെ വേതനക്കരാര്‍ പുനപരിശോധിയ്ക്കണമെന്ന് തോട്ടമുടമകള്‍.
2002 മാര്‍ച്ച് 31ന് നിലവിലുണ്ടായിരുന്ന വേതനം നല്‍കണമെന്നാണ് തൊഴിലാളി യൂണിയനുകളുമായുണ്ടാക്കിയ കരാര്‍. രണ്ടു കിലോ അധിക ഉല്‍പാദനത്തിന് തൊഴിലാളികളും സമ്മതിച്ചു. ഉല്‍പാദനക്ഷമത വര്‍ദ്ധിക്കുമെന്നതിനാല്‍ ഈ കരാര്‍ തോട്ടമുടമകളും അംഗീകരിക്കുകയായിരുന്നു.
കരാറനുസരിച്ച് തൊഴിലാളിയുടെ കുറഞ്ഞ കൂലി 77.26 രൂപയാണ്. എന്നാല്‍ ഇത് 70.76 രൂപയാക്കി കുറയ്ക്കണമെന്നതാണ് ഉടമകളുടെ ഇപ്പോഴത്തെ ആവശ്യം.
ശരാശരി ഉല്‍പാദനം 25 കിലോ ആണെങ്കില്‍ ഈ വേതനനിരക്ക് അംഗീകരിയ്ക്കാവുന്നതാണെന്ന് ഹാരിസണ്‍സ് മലയാളം വൈസ് പ്രസിഡന്റ് എന്‍. ധര്‍മരാജ് പറയുന്നു. ഇപ്പോഴുളള ശരാശരി ഉല്‍പാദനം വെറും 14 കിലോ ആണ്. പ്രശ്നത്തിന്റെ എല്ലാ വശവും പരിശോധിച്ച് കരാര്‍ പുതുക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
പല കമ്പനികളും പൂട്ടലിന്റെ വക്കത്താണ്. വണ്ടിപ്പെരിയാര്‍, പീരുമേട് മേഖലകളില്‍ 18 മാസമായി വേതനം നല്‍കാന്‍ കഴിയാത്ത കമ്പനികളുണ്ട്. പലതും പൂട്ടിക്കഴിഞ്ഞു. ചിലത് ഭാഗീകമായി പ്രവര്‍ത്തിയ്ക്കുന്നു. തേയിലയില്‍ കൃഷി നിര്‍ത്തി മറ്റു വിളകള്‍ പരീക്ഷിയ്ക്കാനും ചിലര്‍ മുതിരുന്നു. ഈ സാഹചര്യത്തില്‍ അടിയന്തരമായി വേതനക്കരാര്‍ പുനപരിശോധിയ്ക്കണമെന്ന് ധര്‍മ്മരാജ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications