വാഹനമോഷണം പെരുകുന്നു
കോഴിക്കോട്: വാഹന മോഷണം സംസ്ഥാനത്ത് പെരുകിവരുന്നു. കോഴിക്കോട് നഗരത്തില്‍ നിന്ന് മാത്രം കഴിഞ്ഞ വര്‍ഷം മോഷണം പോയത് 102 വാഹനങ്ങളാണ്. ഇതില്‍ കണ്ടെടുക്കാന്‍ പറ്റിയത് 38 എണ്ണം മാത്രം.
ഈ വര്‍ഷവും സ്ഥിതി മോശമല്ല. കഴിഞ്ഞ നാലര മാസത്തിനുള്ളില്‍ 59 വാഹനങ്ങളാണ് ഇതിനകം മോഷണം പോയത്. കണ്ടെടുക്കാനായതാകട്ടെ വെറും രണ്ടെണ്ണം.
ആറ് ലോറികളും ഒരു മിനി ലോറിയും 11 ജീപ്പുകളും മൂന്ന് ഓട്ടോ റിക്ഷകളും 11 മാരുതികളും ഒരു സ്കൂട്ടറും 69 മോട്ടോര്‍ സൈക്കിളുകളുമാണ് കഴിഞ്ഞ വര്‍ഷം മോഷണം പോയത്. ഈ വര്‍ഷം മോഷണം പോയത് മൂന്ന് ലോറികളും 11 മാരുതികളും ഒരു മിനി ലോറിയും രണ്ട് ജീപ്പുകളും രണ്ട് ഓട്ടോറിക്ഷകളും ഒരു ടാറ്റാ സുമോയും ഒരു ഹുണ്ടായി കാറും മൂന്ന് സ്കൂട്ടറും 34 മോട്ടോര്‍ സൈക്കിളും.
ഈ വാഹനങ്ങളില്‍ ഭൂരിഭാഗവും മോഷണം പോയത് ഉടമസ്ഥന്റെ മൂക്കിന്‍ തുമ്പില്‍ വെച്ചു തന്നെ. സ്വന്തം കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് മോഷണം പോയവയില്‍ മിക്കവയും.
അതേ സമയം മോഷ്ടിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടെത്തുക വളരയേറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് പൊലീസ് പറയുന്നത്. മോഷ്ടിക്കപ്പെട്ട വാഹനങ്ങള്‍ രജിസ്ട്രേഷന്‍ നമ്പര്‍ ഉടന്‍ തന്നെ മാറ്റുകയും വ്യാജ ആര്‍സി ഉപയോഗിക്കുകയുമാണ് വാഹന മോഷ്ടാക്കള്‍ ചെയ്യുന്നത്. ഇങ്ങനെയുള്ള വാഹനങ്ങള്‍ കണ്ടുപിടിക്കുക ദുഷ്കരമാണ്. ഇലക്ട്രോണിക് അലാറം പോലുള്ള മുന്‍കരുതലുകള്‍ ഉപയോഗിക്കുകയാണ് വാഹന മോഷണം തടയാനുള്ള മാര്‍ഗമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
വാഹന മോഷ്ടാക്കളില്‍ മിക്കവരും മുപ്പത് വയസില്‍ താഴെയുള്ളവരാണെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications