ആര്‍ക്കു മുന്നിലും മുട്ടുമടക്കില്ലെന്ന് അമ്മ
തിരുവനന്തപുരം : ഫിലിം ചേമ്പറിന്റെ വിലക്ക് തങ്ങള്‍ അംഗീകരിക്കുകയില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. ഇത്തരം വിലക്കുകള്‍ പുറപ്പെടുവിയ്ക്കാന്‍ ഫിലിം ചേമ്പറിന് യാതൊരധികാരവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കുറേ താരങ്ങളെ ശിക്ഷിച്ചു കൊണ്ട് സ്വന്തം അധികാരം കാണിയ്ക്കുന്ന ഇത്തരം നടപടികളെ അംഗീകരിയ്ക്കുന്ന പ്രശ്നമേയില്ല.
എന്നാല്‍ താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതടക്കമുളള നടപടികളോട് സഹകരിയ്ക്കാന്‍ അമ്മ തയ്യാറാണെന്ന് ഇന്നസെന്റ് വ്യക്തമാക്കി. സിനിമാ രംഗത്തെ പ്രതിസന്ധി കൂട്ടായ ചര്‍ച്ച വഴി പരിഹരിക്കേണ്ടതാണ്. സിനിമാ താരങ്ങള്‍ സീരിയലുകളില്‍ അഭിനയിക്കുന്നതല്ല യഥാര്‍ത്ഥ കാരണം.
പലരുടെയും പ്രധാന വരുമാനമാര്‍ഗമാണ് അഭിനയം. അത് നിഷേധിച്ചു കൊണ്ട്, എല്ലാവരും തങ്ങള്‍ വരച്ച വരയില്‍ നില്‍ക്കണമെന്ന് ആരെങ്കിലും ശഠിച്ചാല്‍ നിന്നുകൊടുക്കാന്‍ തങ്ങളെ കിട്ടില്ല. പലര്‍ക്കും ഇപ്പോള്‍ സിനിമയില്ല. അവരില്‍ വളരെ സീനിയറായ നടീനടന്മാരുണ്ട്. ഒരു ലിസ്റ് തയ്യാറാക്കി അവരൊന്നും മിനിസ്ക്രീനില്‍ അഭിനയിക്കരുതെന്ന് പറഞ്ഞാല്‍ അതെങ്ങനെ അംഗീകരിയ്ക്കാനാകുമെന്ന് ഇന്നസെന്റ് ചോദിച്ചു.
ചേമ്പറില്‍ അംഗങ്ങളായവര്‍ തന്നെ ഇപ്പോള്‍ സീരിയല്‍ രംഗത്ത് സജീവമാണ്. സീരിയല്‍ നിര്‍മ്മാണം മോശമാണെങ്കില്‍ ആദ്യം അവര്‍ക്കെതിരെ നടപടിയെടുക്കണം. ചേമ്പറില്‍ നിന്നും അത്തരക്കാരെ ആദ്യം പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
താരങ്ങള്‍ അഭിനയിക്കുന്ന സീരിയലുകളല്ല യഥാര്‍ത്ഥ പ്രശ്നം. ഇപ്പോള്‍ 15 സിനിമകളാണ് എല്ലാ ചാനലുകളും കൂടി ഒരു ദിവസം പ്രദര്‍ശിപ്പിയ്ക്കുന്നത്. ഇതു കാണുന്ന പ്രേക്ഷകന്‍ എങ്ങനെ തീയേറ്ററുകളിലെത്തും. ഈ സിനിമയൊന്നും ചാനലുകള്‍ക്ക് വിറ്റത് നടീനടന്മാരല്ല. ചേമ്പര്‍ അംഗങ്ങളുടെ സിനിമകളാണ് അവ.
കഴിഞ്ഞ ഓണക്കാലത്ത് പുതിയ സിനിമകളാണ് ചാനലുകളില്‍ പ്രദര്‍ശിപ്പിച്ചത്. ഇതു കാണുന്ന പ്രേക്ഷകരാണ് തീയേറ്ററിലേയ്ക്ക് വരാത്തത്. സിനിമകള്‍ ചാനലുകള്‍ക്ക് നല്‍കില്ലെന്ന് എന്തുകൊണ്ട് ചേമ്പര്‍ തീരുമാനിയ്ക്കുന്നില്ല? ഇരിയ്ക്കുന്ന കൊമ്പുമുറിയ്ക്കുന്നവരാണ് അന്യന്റെ പറമ്പിലെ മരം മുറിയ്ക്കല്‍ ചോദ്യം ചെയ്യുന്നതെന്ന് ഇന്നസെന്റ് പരിഹസിച്ചു.
വളരെക്കാലമായി സിനിമയെടുക്കാത്ത ചിലരാണ് ഇപ്പോള്‍ നിരോധന ഉത്തരവുമായി ഇറങ്ങിയിരിക്കുന്നത്. മറ്റു ജോലിയില്ലെങ്കില്‍ അവര്‍ക്ക് പരോപകാരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. അഭിനയിച്ചു ജീവിയ്ക്കുന്നവര്‍ ഒരു വിധം ജീവിച്ചു പൊയ്ക്കോട്ടെ- സ്വതസിദ്ധമായ ശൈലിയില്‍ ഇന്നസെന്റ് പറഞ്ഞു.












Click it and Unblock the Notifications