50,000 കോടിയുടെ വിദേശ നിക്ഷേപം ലക്ഷ്യം
കോഴിക്കോട് : വരുന്ന നാലു വര്‍ഷത്തിനുളളില്‍ 50,000 കോടിയുടെ വിദേശ നിക്ഷേപമാണ് കേരളം ലക്ഷ്യമിടുന്നതെന്ന് ആന്റണി. കേരളത്തിന്റെ ദ്രുതഗതിയിലുളള വികസനത്തിന് ഇതോടെ അടിത്തറയാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യം നേടാന്‍ സാദ്ധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും.
പ്രവാസി മലയാളികളുടെ സഹായത്തോടെ കോഴിക്കോട്ട് പണികഴിപ്പിച്ച സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 65 കോടി ചെലവിട്ടാണ് ആശുപത്രി പണിതീര്‍ത്തത്.
ഉത്പാദനക്ഷമമായ വ്യവസായിക അന്തരീക്ഷം സൃഷ്ടിയ്ക്കുന്നതിന് ഭരണപക്ഷവും പ്രതിപക്ഷവും സമവായത്തിലെത്തണം. നിക്ഷേപത്തിന് ഗുണകരമായ കാലാവസ്ഥ കേരളത്തിലുണ്ടാകണം. മറ്റു സംസ്ഥാനങ്ങള്‍ അതിവേഗം വളരുകയാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊളളാന്‍ നാം തയ്യാറാകണമെന്നും ആന്റണി ആവശ്യപ്പെട്ടു.
സംസ്ഥാനം കടക്കെണിയിലാണ്. പൊതുമേഖലയില്‍ മുതലിറക്കാന്‍ ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് കഴിയില്ല. വിദേശ-സ്വകാര്യ നിക്ഷേപങ്ങളോട് മുഖം തിരിയ്ക്കാന്‍ ഇനിയും നാം തയ്യാറാകരുത്.
സംസ്ഥാനത്ത് 16 എഞ്ചിനീയറിംഗ് കോളെജുകളും ഏതാനും മെഡിക്കല്‍ കോളെജുകളും വരും വര്‍ഷത്തില്‍ ആരംഭിയ്ക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.












Click it and Unblock the Notifications