കലിക്കറ്റ് സര്‍വകലാശാലാ സിന്റിക്കേറ്റും സെനറ്റും പിരിച്ചുവിടാന്‍ ശുപാര്‍ശ
തിരുവനന്തപുരം: നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കലിക്കറ്റ് സര്‍വകലാശാല സിന്റിക്കേറ്റും സെനറ്റും പിരിച്ചുവിടാന്‍ വിദ്യാഭ്യാസമന്ത്രി സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറോട് ശുപാര്‍ശചെയ്തു.
1997ലെ കലിക്കറ്റ് സര്‍വകലാശാലാ ഭേദഗതി നിയമം ഏഴാം വകുപ്പ് അനുസരിച്ച് സിന്റിക്കേറ്റും സെനറ്റും പിരിച്ചുവിടാനാണ് ശുപാര്‍ശ. സിന്റിക്കേറ്റും സെനറ്റും ഇന്നത്തെ രീതിയില്‍ തുടരുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധവും സര്‍വകലാശാലയുടെ ശരിയായ പ്രവര്‍ത്തനത്തിന് തടസവുമാണെന്ന് ഗവര്‍ണര്‍ക്കയച്ച ശുപാര്‍ശ കത്തില്‍ പറയുന്നു.
സര്‍വകലാശാലയില്‍ ചട്ടവിരുദ്ധമായി നടക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനകീയാസൂത്രണ പരിപാടിയുടെ പേരില്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിനെയും പൊതുമരാമത്ത് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഇന്‍സ്റിറ്റ്യൂട്ട് ഒഫ് എഞ്ചിനീയറിംഗ് കെട്ടിടം നിര്‍മിച്ചതിനെയും കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് ധനവകുപ്പിന്റെ പരിശോധനാ വിഭാഗം അന്വേഷിക്കുകയാണ്. വിവിധ ടീച്ചിംഗ് വകുപ്പുകളില്‍ 11 തസ്തികകളില്‍ നിയമനം നടത്താനും സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ 27 പുതിയ തസ്കികകള്‍ സൃഷ്ടിക്കാനും 23 സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ നിയമനം അംഗീകരിക്കാനും തീരുമാനിച്ചത് സര്‍വകലാശാലാ നിയമത്തിനും സര്‍ക്കാര്‍ ഉത്തരവിനും വിരുദ്ധമായാണ്.
സെനറ്റും സിന്റിക്കേറ്റും പിരിച്ചുവിട്ട് വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിവര സാങ്കേതിക പ്രിന്‍സിപ്പല്‍ സെക്രട്ടറി, കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍, ധനകാര്യ സെക്രട്ടറി എന്നിവരടങ്ങിയ സമിതിയെ ഇടക്കാല ഭരണത്തിന് ചുമതലപ്പെടുത്തണമെന്നാണ് ശുപാര്‍ശ.












Click it and Unblock the Notifications