മമ്മൂട്ടിക്കും മോഹന്‍ലാലിനും നോട്ടീസ്
തൃശൂര്‍: ടിവി പരമ്പര നിര്‍മാണം തുടരുകയാണെങ്കില്‍ മമ്മൂട്ടിയും മോഹന്‍ലാലും സിനിമാരംഗം വിടണമെന്ന് സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം ചേംബര്‍ ഒഫ് കോമേഴ്സ്. ഇതു സംബന്ധിച്ച് ഫിലിം ചേംബര്‍ ഇരുവര്‍ക്കും നോട്ടീസയച്ചു.
ഇതോടെ ടിവി പരമ്പര നിര്‍മാണത്തെയും പരമ്പരയില്‍ അഭിനയിക്കുന്നതിനെയും ചൊല്ലി ഫിലിം ചേംബറും സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും തമ്മിലുള്ള പോര് രൂക്ഷമായി. ഫിലിം ചേംബറിന്റെ വിലക്കുകള്‍ അനുസരിക്കില്ലെന്ന് കഴിഞ്ഞ ദിവസം അമ്മ പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു.
ടിവി പരമ്പരകള്‍ നിര്‍മിക്കുന്നവരും ടിവിയ്ക്കു വേണ്ടി സാങ്കേതിക ജോലികള്‍ ചെയ്യുന്നവരുമായ സിനിമാ രംഗത്തുള്ളവര്‍ക്കും ഫിലിം ചേംബര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സിനിമയെ രക്ഷിക്കാന്‍ വേണ്ടി ചില നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയേ തീരൂവെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.
ജൂണ്‍ ഒന്ന് മുതലാണ് ഫിലിം ചേംബര്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ നിലവില്‍ വരുന്നത്. സിനിമയില്‍ അഭിനയിക്കുന്ന ഏതെല്ലാം താരങ്ങളാണ് ടിവിയില്‍ അഭിനയിക്കരുതെന്ന് വിലക്കുള്ളതെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ ചിത്രങ്ങളുടെ നിര്‍മാതാക്കളാണ് തീരുമാനമെടുക്കേണ്ടതെന്ന് ഫിലിം ചേംബര്‍ പറയുന്നു.
അതേ സമയം അമ്മയുമായി സഹകരിച്ച് പോവാനാണ് മാക്ടയുടെയും തീരുമാനം. ഇത് ചേരിപ്പോര് രൂക്ഷമാക്കും.


Click it and Unblock the Notifications