ജാനുവിന് വിദേശ പരിശീലനം ലഭിച്ചെന്ന് ഹിന്ദു വേദി
തിരുവനന്തപുരം: ക്രിസ്ത്യന്‍ മിഷണറിമാരുടെ വക്താവാകാന്‍ ആദിവാസി നേതാവ് സി. കെ. ജാനുവിന് വിദേശ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഹിന്ദു ഐക്യവേദി.
പരിശീലനം നേടാന്‍ അവര്‍ പലതവണ ജര്‍മ്മനിയും വത്തിക്കാനും സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ഐക്യവേദി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ആരോപണം തെളിയിക്കാന്‍ തങ്ങളുടെ കൈയില്‍ മതിയായ തെളിവുകളുണ്ടെന്ന് കണ്‍വീനര്‍ ജെ. ശിശുപാലന്‍ അവകാശപ്പെട്ടു.
ജാനുവിന്റെ ആദിവാസി പ്രക്ഷോഭണത്തെ ആദ്യഘട്ടത്തില്‍ ഹിന്ദു ഐക്യവേദി പിന്തുണച്ചതാണ്. എന്നാല്‍ മതികെട്ടാന്‍ പ്രശ്നത്തോടെ അവരുടെ തനിനിറം വെളിവായിരിക്കുകയാണ്. ജാനു അവകാശപ്പെടുന്നതു പോലെ അവര്‍ എല്ലാ ആദിവാസികളുടെയും നേതാവല്ലെന്ന് ശിശുപാലന്‍ പറഞ്ഞു.
മതികെട്ടാനിലെ കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ചിരിയ്ക്കുന്ന 26 ഓളം കുരിശുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും ഐക്യവേദി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഭൂമി കയ്യേറ്റത്തിന് ഹിന്ദു സംഘടനകളും നിര്‍ബന്ധിതമാകുമെന്ന് ശിശുപാലന്‍ മുന്നറിയിപ്പു നല്‍കി.
കുരിശ് മതപരമായ ചിഹ്നമാണ്. എന്നാല്‍ ഇപ്പോഴത് വനം കയ്യേറ്റത്തിനുളള ആയുധമായി മാറിയിരിക്കുന്നു. അപകടകരമായ സൂചനയാണിതെന്ന് ഹിന്ദു ഐക്യവേദി ചൂണ്ടിക്കാട്ടി.
മതികെട്ടാന്‍ ചോല പൂര്‍ണമായും വനം വകുപ്പിന് കൈമാറാനുളള മന്ത്രിസഭാ തീരുമാനം ഐക്യവേദി സ്വാഗതം ചെയ്തു. കെ. എം. മാണിയുടെ കുത്സിത ശ്രമങ്ങളെ ഈ നീക്കം തകര്‍ത്തതായും അവര്‍ വിലയിരുത്തി.












Click it and Unblock the Notifications