പേളിനെ വധിച്ചത് കഴുത്തറുത്ത് തന്നെ
കറാച്ചി: വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടര്‍ ഡാനിയല്‍ പേളിനെ ഭീകരര്‍ കഴുത്തറത്തുതന്നെയാണ് കൊന്നതെന്ന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ കറാച്ചിയില്‍ ഒരു ശവമാടത്തില്‍ നിന്നും കഴിഞ്ഞ ദിവസമാണ് പേളിന്റേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കുഴിച്ചെടുത്തത്.
ഏതോ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്ത് മുറിച്ചാണ് കൊല നടത്തിയിട്ടുള്ളത്.- മൃതദേഹം പോസ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരില്‍ ഒരാള്‍ പറഞ്ഞു. കൊല നടത്തിയ ശേഷം ശരീരം പല കഷണങ്ങളാക്കി മുറിക്കുകയായിരുന്നു- മെയ് 20 തിങ്കളാഴ്ച എഎഫ്പി വാര്‍ത്താഏജന്‍സിക്ക് രഹസ്യമായി അനുവദിച്ച അഭിമുഖത്തില്‍ ഡോക്ടര്‍ വ്യക്തമാക്കി.
തൊലിയുടെ നിറത്തില്‍ നിന്ന് മൃതദേഹം വിദേശിയുടേതാണെന്ന് തിരിച്ചറിയാം. മൃതദേഹം കുഴിച്ചെടുത്ത ഭാഗത്തെ മണ്ണ് പരിശോധിച്ചതില്‍ നിന്ന് കൊലപാതകം ജനവരി 29നോ 30 നോ ആണ് നടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഡോക്ടര്‍ പറഞ്ഞു.
ദക്ഷിണപാകിസ്ഥാനില്‍ ഇസ്ലാമിക തീവ്രവാദികളെക്കുറിച്ച് പഠിക്കാനെത്തിയ ഡാനിയല്‍ പേളിനെ ജനവരി 23നാണ് കാണാതായത്. ഫിബ്രവരിയില്‍ യുഎസ് കോണ്‍സുലേറ്റില്‍ ലഭിച്ച വീഡിയോകസെറ്റില്‍ പേളിനെ കഴുത്തറുത്ത് കൊല്ലുന്നതിന്റെ ദൃശ്യങ്ങളുണ്ട്.
ശരീരാവശിഷ്ടങ്ങള്‍ വിദേശപത്രപ്രവര്‍ത്തകന്റേതാണെന്ന് പാകിസ്ഥാനി പൊലീസ് പറയുന്നു. ഡിഎന്‍എ പരിശോധനാഫലം കൂടി പുറത്തുവന്നാലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.












Click it and Unblock the Notifications