കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്തുരുളും മുമ്പേ ആവേശം പരകോടിയില്‍

  • By Staff
Google Oneindia Malayalam News

മലപ്പുറം : ലോകകപ്പ് ഫുട്ബാള്‍ തുടങ്ങാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. ലോകമെങ്ങും കാല്‍പന്തു കളിയുടെ ജ്വരത്തിലാണ്, കേരളവും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഫുട്ബാള്‍ ഭ്രാന്തന്‍മാരുളള മലപ്പുറത്തെ ഉത്സവ പ്രതീതി കണ്ടാല്‍ മെയ് 31ന് ലോകകപ്പിന് വേദിയാകുന്നത് ജില്ലയാണെന്ന് തോന്നും.

ഗ്രാമങ്ങളില്‍ പോലും ഫുട്ബാള്‍ ആവേശം പ്രകടമാണ്. ഇഷ്ടതാരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകള്‍. ഫ്രാന്‍സിന്റെ സിനദൈന്‍ സിദാനും അര്‍ജന്റീനയുടെ കനീജിയയും ബ്രസീലിന്റെ റിവാള്‍ഡോയുമൊക്കെ തലയുയര്‍ത്തി നില്‍ക്കുകയാണ് പലേടത്തും.

ആരാധകരുടെ തല കണ്ടാല്‍ ഒരു നിമിഷം സംശയിക്കും. കൈയും കാലുമുളള ഫുട്ബാള്‍ നടന്നു പോവുകയാണോയെന്ന്. കാരണം, പലരുടെയും തല ഫുട്ബാളാണ്. ബാര്‍ബര്‍മാരുടെ കരവിരുത് പലരുടെയും തല ഓരോ ഫുട്ബാളാക്കിയിരിക്കുന്നു.

വേറെ ചിലരുടെ തലയില്‍ ഇഷ്ടരാജ്യങ്ങളുടെ കൊടിയാണ് ചായം തേച്ച് സൃഷ്ടിച്ചെടുത്തിരിക്കുന്നത്. തലയില്‍ ഇഷ്ട താരങ്ങളുടെ പേര് കൊത്തിയവരും കുറവല്ല. ലോകകപ്പിന്റെ ഓരോ നിമിഷവും ഒട്ടും ആവേശം കുറയാതെ ആഘോഷിയ്ക്കണമെന്ന നിര്‍ബന്ധത്തിലാണ് ജില്ലയിലെ ഫുട്ബാള്‍ പ്രേമികള്‍.

ലോകകപ്പിന്റെ ആവേശം ഇക്കുറി പാരമ്യത്തിലാണെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. ഫുട്ബാള്‍ അസോസിയേഷനുകള്‍ ജില്ലയിലെങ്ങും മുളച്ചു പൊന്തുന്നു. ഓരോരുത്തരും മറ്റുളളവരെക്കാള്‍ ജനശ്രദ്ധ പിടിച്ചു പറ്റാന്‍ എന്തും ചെയ്യുമെന്ന നിലയിലാണ്.

അര്‍ജന്റീനയ്ക്കാണ് ജില്ലയില്‍ ആരാധകരേറെ, ഒരുപക്ഷേ അര്‍ജന്റീനയിലുളളതിനേക്കാളും. ബ്രസീലിനും ഫ്രാന്‍സിനും ജര്‍മനിയ്ക്കും എന്തിന് പോര്‍ട്ടുഗലിനും വരെ ജില്ലയില്‍ ആരാധകരുണ്ട്.

മങ്കട എം. എല്‍. എ മാക് അലിയും ഒരു കടുത്ത ഫുട്ബാള്‍ പ്രേമിയാണ്. ജില്ലയില്‍ ഇന്നു കാണുന്ന ഫുട്ബാള്‍ ആവേശം കെടാതെ കാക്കേണ്ടതാണെന്ന് അദ്ദേഹം പറയുന്നു.

എല്ലാവര്‍ക്കും ഒരുമിച്ച് കളി കാണാനാകും വിധം ടെലിവിഷന്‍ സെറ്റുകള്‍ വിവിധ അസോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. വന്‍ ആള്‍ക്കൂട്ടമാകും ഓരോ ടിവിയുടെയും മുന്നില്‍. എന്നാല്‍ ഈ ആവേശം അക്രമത്തിലെത്താതെ സൂക്ഷിയ്ക്കണമെന്നും മാക് അലി മുന്നറിയിപ്പു നല്‍കുന്നു.

അലിയുടെ വീട്ടില്‍ തന്നെ രണ്ടു ഗ്രൂപ്പുകളുണ്ട്. ബ്രസീല്‍ ജയിക്കുമെന്ന് അലി ഉറപ്പു പറയുമ്പോള്‍ കുട്ടികള്‍ക്ക് അര്‍ജന്റീനയാണ് പഥ്യം. ടീമുകളിലെ ഓരോ അംഗത്തിന്റെയും ശക്തിയും ദൗര്‍ബല്യവും കോച്ചുകളേക്കാള്‍ നന്നായി കുട്ടികള്‍ പറഞ്ഞു തരുമെന്ന് അലി പറയുന്നു.

നിയമവിരുദ്ധമായ വാതുവയ്പുകളൊന്നും ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. തല മൊട്ടയടിയ്ക്കുക, മീശ വടിയ്ക്കുക തുടങ്ങിയ പരമ്പരാഗത പന്തയം വയ്ക്കലുകളാണ് പലേടത്തുമുളളത്.

കളി തുടങ്ങും മുമ്പേ ആവേശം ഇതാണെങ്കില്‍ മെയ് 31നു ശേഷം എന്തായിരിക്കും അവസ്ഥയെന്ന് അതഭുതപ്പെടുകയാണ് അലി. ഒപ്പം നാട്ടുകാരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X