കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒ. എന്‍. വി. വെറും രാഷ്ട്രീയക്കാരന്‍ : കാര്‍ത്തികേയന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : കവി ഒ. എന്‍. വി. വെറും രാഷ്ട്രീയക്കാരനായി അധപതിച്ചെന്ന് മന്ത്രി കാര്‍ത്തികേയന്‍. രാഷ്ട്രീയക്കാരനായ കവിയെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

കേരള കലാമണ്ഡലത്തില്‍ പുറത്തു പറയാന്‍ കൊളളാത്ത കാര്യങ്ങള്‍ നടക്കുന്നുവെന്ന ഒ. എന്‍. വിയുടെ ആരോപണമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. കലാമണ്ഡലത്തിന്റെ മുന്‍ ചെയര്‍മാനായിരുന്നു ഒ. എന്‍. വി. കുറുപ്പ്.

പുറത്തു പറയാന്‍ കൊളളാത്ത എന്തു കാര്യമാണ് സാംസ്ക്കാരിക സ്ഥാപനങ്ങളില്‍ നടക്കുന്നതെന്ന് കാര്‍ത്തികേയന്‍ ചോദിച്ചു. മദ്യപാനം, കളളനോട്ടടി, വ്യഭിചാരം, അഴിമതി ഇവയൊക്കെയാണ് പുറത്തു പറയാന്‍ കൊളളാത്ത കാര്യങ്ങള്‍. ഇതില്‍ ഏതാണ് സാംസ്ക്കാരിക സ്ഥാപനങ്ങളില്‍ നടക്കുന്നത്. ഏതാണ് നടക്കുന്നതെന്ന് വ്യക്തമാക്കാന്‍ ആരോപണം ഉന്നയിച്ച ഒ. എന്‍. വിയ്ക്ക് ബാദ്ധ്യതയുണ്ട്.

യുഡിഎഫ് ഭരണകാലത്ത് ഇടതുപക്ഷ സാംസ്ക്കാരിക നായകന്മാര്‍ക്ക് എന്തും പറയാമെന്ന നില പണ്ടുണ്ടായിരുന്നു. താന്‍ മന്ത്രിയായിരിക്കും കാലം അതനുവദിയ്ക്കില്ലെന്ന് കാര്‍ത്തികേയന്‍ പറഞ്ഞു.

സിപിഎം പ്രാദേശിക ഘടകങ്ങളുടെ തീട്ടൂരം വാങ്ങി സാംസ്ക്കാരിക ഭരണം നടന്ന കാലത്ത് കലാമണ്ഡലത്തിന്റെ ചെയര്‍മാനായിരുന്നു ഒ. എന്‍. വി. അക്കാലത്ത് നടന്നതെന്തൊക്കെയാണെന്ന് നാട്ടുകാര്‍ക്കറിയാം. അദ്ദേഹമാണ് അതിനുത്തരവാദിയെന്ന് പറയുന്നില്ല. എന്നാല്‍ അതിനൊക്കെ കൂട്ടു നില്‍ക്കുക എന്ന കുറ്റം അദ്ദേഹം ചെയ്തിട്ടുണ്ട്.

സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കലാമണ്ഡലം നൃത്ത സംഘത്തിന് പ്രതിഫലം നല്‍കിയിട്ടില്ലെന്ന് ലോക്കല്‍ ആഡിറ്റ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുവെന്ന് കാര്‍ത്തികേയന്‍ പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതിനും പ്രതിഫലം നല്‍കിയിട്ടില്ല. ഇത് വെറും രണ്ടെണ്ണം മാത്രമാണ്. വേറെയും പലതുമുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.

ആരെയൊക്കെയോ പ്രീതിപ്പെടുത്താനാണ് ഈ ആരോപണങ്ങള്‍. സാഹിത്യ രംഗത്തെ നിരാശയും മനംമടുപ്പുമാണ് ഒ. എന്‍. വിയെക്കൊണ്ട് ഇങ്ങനെയെല്ലാം പറയിപ്പിയ്ക്കുന്നത്. ഇത് രോഗം വേറെയാണ്. ചികിത്സയും. തന്റെ കൊലവിളികള്‍ അദ്ദേഹം നടത്തേണ്ടത് സാഹിത്യ മേഖലയിലാണ്.

പാര്‍ട്ടിക്കാരുടെ എതിര്‍പ്പു പോലും മറികടന്നാണ് താന്‍ സാംസ്ക്കാരിക സ്ഥാപനങ്ങളില്‍ അദ്ധ്യക്ഷന്മാരെ നിയമിച്ചത്. എന്‍. പി. മുഹമ്മദിനെയും അടൂര്‍ ഗോപാലകൃഷ്ണനെയും കാവാലത്തെയും അക്കാദമികളുടെ ചുമതലയേല്‍പ്പിച്ചത് പുറത്തു പറയാന്‍ കൊളളാത്ത കാര്യമാണോ എന്നും കാര്‍ത്തികേയന്‍ ചോദിച്ചു.

വലിയ രാഷ്ട്രിയക്കാരന് മറുപടി സത്യത്തില്‍ നിന്നുയിര്‍ക്കുന്ന വാക്ക് : ഒ. എന്‍. വി

കാര്‍ത്തികേയനെപ്പോലെ ഒരു വലിയ രാഷ്ട്രീയക്കാരനെ നേരിടാന്‍ തനിക്ക് സത്യത്തില്‍ നിന്നുയിര്‍ക്കുന്ന വാക്കു മതിയെന്ന് കവി ഒ. എന്‍. വി. കുറുപ്പ്.

കലാമണ്ഡലം ആര്‍ട്ട് ഗാലറിയിലെ പ്രശ്നം മറച്ചു വച്ച് താനുന്നയിക്കാത്ത ആരോപണങ്ങള്‍ക്ക് മറുപടി പറയുന്ന മന്ത്രിയുടെ രാഷ്ട്രീയ കൗശലത്തെ നേരിടാനുളള വിദ്യ തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒ. എന്‍. വിയുടെ വാക്കുകളില്‍ വിവാദപര്‍വം ഇങ്ങനെയാണ്. കലാമണ്ഡലത്തിലെ വസ്ത്രാക്ഷേപം എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയെക്കുറിച്ച് മന്ത്രി ടെലിഫോണില്‍ സംസാരിച്ചു. ഷേക്സ്പിയര്‍ സ്മാരക ഗൃഹത്തിന്റെ മാതൃകയില്‍ എന്റെ കാലത്ത് പണികഴിപ്പിച്ച ആര്‍ട്ട് പവലിയനെക്കുറിച്ചായിരുന്നു വാര്‍ത്ത. ആര്‍ട്ടിസ്റ് നമ്പൂതിരി നിര്‍മ്മിച്ച പാഞ്ചാലി, ദുശ്ശാസനന്‍ തുടങ്ങിയ പ്രതിമകളുടെ ഉടുത്തുകെട്ടും ചമയങ്ങളും അഴിച്ചെടുത്ത് നരാക്കി ഗോഡൗണുകളില്‍ തളളിയെന്നാണ് വാര്‍ത്തയുടെ കാതല്‍.

ഇതേക്കുറിച്ച് അന്വേഷിയ്ക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി. എന്നാല്‍ മെയ് 18 വരെയും ആ ഉറപ്പ് പാലിച്ചിട്ടില്ല. തുടര്‍ന്ന് 19 ന് കൊല്ലത്ത് പബ്ലിക് ലൈബ്രറി യോഗത്തിനു ചെന്നപ്പോള്‍ പലരും സൂചിപ്പിച്ചതനുസരിച്ച് പ്രസംഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി. ഈ പ്രസംഗമാണ് മന്ത്രിയുടെ നിലതെറ്റിച്ചത്.

മന്ത്രിയുടെ ആദരവെന്ന ഔദാര്യം സ്വീകരിച്ച് സംസ്ക്കാരവിരുദ്ധതയെക്കുറിച്ച് മൗനം ഭജിക്കാന്‍ തന്നെക്കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കലാമണ്ഡലം അദ്ധ്യക്ഷസ്ഥാനത്തിരുന്ന് ചെയ്തതെല്ലാം നാട്ടുകാര്‍ക്കറിയാമെന്നും അത് സ്വയം പറഞ്ഞ കസേരയുറപ്പിയ്ക്കേണ്ട കാര്യം തനിക്കില്ലെന്നും ഒ. എന്‍. വി മന്ത്രിയെ ഓര്‍മ്മിപ്പിച്ചു.

കേരളത്തെ ഇന്നത്തെ കേരളമാക്കിയ തുഞ്ചന്‍, കുഞ്ചന്‍, ആശാന്‍, വളളത്തോള്‍, വൈലോപ്പിളളി എന്നിവരുടെ സ്മാരകങ്ങള്‍ ഞങ്ങള്‍ക്ക് തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. അക്കൂട്ടത്തില്‍ കലാമണ്ഡലത്തിന്റെ ഭരണസാരഥ്യം കൈവന്നപ്പോള്‍ ഞാന്‍ എന്റെ രണ്ടു തുളളി വിയര്‍പ്പു കൂടി അവിടെ കാണിക്കയിട്ട്, ഒരില അതിന്റെ ജന്മകൃത്യം നിറവേറ്റിയിട്ട് അടര്‍ന്നു പോരുമ്പോലെ സ്വയമിറങ്ങിപ്പോന്നതാണ്- ഒ. എന്‍. വി. ഉളളില്‍ തട്ടും വിധം പറഞ്ഞു നിര്‍ത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X