കശ്മീരിന് 6,165 കോടിയുടെ സഹായം
കശ്മീര്‍: കശ്മീരിന് 6,165 കോടി രൂപയുടെ സഹായപദ്ധതികള്‍ പ്രധാനമന്ത്രി വാജ്പേയി വാഗ്ദാനം ചെയ്തു. മെയ് 23 വ്യാഴാഴ്ച കശ്മീരില്‍ ഉന്നതതല യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത്.
കശ്മീരിന് പ്രധാനമന്ത്രി കേന്ദ്രത്തിന്റെ മുഴുവന്‍ സഹായവും വാഗ്ദാനം ചെയ്തു. തന്റെ കശ്മീര്‍ സന്ദര്‍ശനത്തിന്റെ ആദ്യദിവസങ്ങളില്‍ പാകിസ്ഥാനുമായി യുദ്ധത്തിന്റെ സൂചന നല്കിയ പ്രധാനമന്ത്രി പക്ഷെ തന്റെ മൂന്നുദിവസം നീണ്ട കശ്മീര്‍ സന്ദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ സമാധാനത്തിന്റെ സൂചനയാണ് നല്കിയത്.
കശ്മീരിന് കൂടുതല്‍ സാമ്പത്തികസഹായപദ്ധതികള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ കാലാവസ്ഥയിലും നിലനില്ക്കുന്ന മണാലി- ലെഹ് റോഡ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കും. കശ്മീരിലെ വൈദ്യുതിപ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രവൈദ്യുതിമന്ത്രി സുരേഷ്പ്രഭു കശ്മീര്‍ സന്ദര്‍ശിക്കും.
താനുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിയാത്ത ഗ്രൂപ്പുകളുമായിപ്പോലും സര്‍ക്കാര്‍ ചര്‍ച്ച തുടരും. കശ്മീരിലെ എല്ലാ നിയമവിധേയ ഗ്രൂപ്പുകളുമായി സര്‍ക്കാര്‍ സജീവമായി ബന്ധം പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് നടത്തുമെന്ന കാര്യം ഒരിയ്ക്കല്‍ കൂടി അദ്ദേഹം ആവര്‍ത്തിച്ചു.












Click it and Unblock the Notifications