കെഎസ്ആര്‍ടിസി : ഹിതപരിശോധന തുടങ്ങി
തിരുവനന്തപുരം : കെ. എസ്. ആര്‍. ടി. സി.യിലെ അംഗീകൃത തൊഴിലാളി യൂണിയനെ തിരഞ്ഞെടുക്കാനുളള ഹിതപരിശോധന തുടങ്ങി.
മെയ് 23 വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയ്ക്ക് ആരംഭിച്ച തിരഞ്ഞെടുപ്പ് വൈകീട്ട് അഞ്ചു മണിയ്ക്ക് അവസാനിയ്ക്കും. മെയ് 25 ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. ഫലപ്രഖ്യാപനവും അന്നുണ്ടാകും.
20 ശതമാനം തൊഴലാളികളുടെ വോട്ട് നേടുന്ന യൂണിയനുകള്‍ക്കാണ് അംഗീകാരം ലഭിയ്ക്കുന്നത്. 26,000ത്തിലേറെ തൊഴിലാളികള്‍ വോട്ടവകാശം രേഖപ്പെടുത്തും.
മൂന്നു യൂണിയനുകളാണ് മത്സര രംഗത്തുളളത്. സിഐടിയു നേതൃത്വം നല്‍കുന്ന കെ. എസ്. ആര്‍. ടി. എംപ്ലോയീസ് അസോസിയേഷന്‍, എഐടിയുസി നേതൃത്വത്തിലുളള ടിഡബ്ല്യുസിസി, ഐഎന്‍ടിയുസി നേതൃത്വത്തിലുളള ടിഡിഎഫ് എന്നിവ. സിഐടിയു ഒറ്റയ്ക്ക് മത്സരിക്കുമ്പോള്‍ മറ്റുളള യൂണിയനുകള്‍ ഒന്നിച്ച് മുന്നണിയായി മത്സരിക്കുന്നു.
കഴിഞ്ഞ തവണ നടന്ന ഹിതപരിശോധനയില്‍ സി. ഐ. ടി. യു യൂണിയനും എ. ഐ. ടി. യു. സി യൂണിയനുമാണ് അംഗീകാരം ലഭിച്ചത്. സി. ഐ. ടി. യുവിന് 50 ശതമാനത്തിലേറെ വോട്ടു കിട്ടി.
ഇത്തവണ ഹിതപരിശോധന യുഡിഎഫില്‍ വന്‍വിവാദത്തിന് വഴിതെളിച്ചിരുന്നു. ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ സി. ഐ. ടി. യുവിനെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് കെ. മുരളീധരന്‍ ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ബാലകൃഷ്ണ പിളള പരസ്യമായി സി. ഐ. ടി. യുവിന് പിന്തുണ വാഗ്ദാനം ചെയ്യുകയുമുണ്ടായി.












Click it and Unblock the Notifications