കുളിയ്ക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങി മരിച്ചു
പത്തനംതിട്ട : അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. തുമ്പമണ്‍ കടവിലാണ് സംഭവം. തട്ടയില്‍ കീരുകുഴി പടുകോട്ടുങ്കല്‍ ഗ്രേസ് വില്ലയില്‍ ഫ്രാങ്കിന്റെ മകന്‍ പ്രദീഷ് (15), രാജന്‍വില്ലയില്‍ പരേതനായ രാജുവിന്റെ മകന്‍ ലിജു (15) എന്നിവരാണ് മരിച്ചത്.
പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു ഇരുവരും.
ആറു സുഹൃത്തുക്കള്‍ക്കൊപ്പം മെയ് 22 ബുധനാഴ്ച രാവിലെയാണ് ഇവര്‍ തുമ്പമണിലെ കാടന്‍പ്ലാവില്‍ കടവില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുമ്പോള്‍ ആദ്യം ലിജുവാണ് അപകടത്തില്‍ പെട്ടത്. ലിജുവിനെ രക്ഷിയ്ക്കാനുളള ശ്രമത്തില്‍ പ്രദീഷും ഒഴുക്കില്‍ പെട്ടു. ഇവരെ രക്ഷിയ്ക്കാന്‍ ഒപ്പമുണ്ടായിരുന്ന അജിത്ത് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
നീന്താനറിയുന്ന ഇവര്‍ സ്ഥിരമായി ഈ കടവില്‍ കുളിയ്ക്കാനെത്താറുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. മണല്‍ വാരല്‍ കാരണം നദിയുടെ ആഴം കൂടിയത് ഒഴുക്കു വര്‍ദ്ധിയ്ക്കാന്‍ കാരണമായിട്ടുണ്ടെന്ന് കരുതുന്നു. പത്തനംതിട്ടയില്‍ നിന്നും ഫയര്‍ഫോഴ്സെത്തിയാണ് ഉച്ചയോടെ ഇരുവരുടെയും മൃതദേഹം കണ്ടെടുത്തത്.












Click it and Unblock the Notifications