പെണ്‍കുതിരകള്‍ക്ക് ഇക്കുറിയും കടിഞ്ഞാണില്ല
തിരുവനന്തപുരം : മികവിന്റെ ഒന്നാം പടവ് കയറാന്‍ ഇക്കുറിയും പെണ്‍ശക്തിയ്ക്ക് എതിരില്ല. റാങ്കു വാങ്ങാനുളള അശ്വമേധത്തില്‍ പെണ്‍കുതിരകളെ പിടിച്ചു കെട്ടാന്‍ പോന്ന ആണുങ്ങള്‍ ഇനിയും വരേണ്ടിയിരിക്കുന്നു. ആദ്യത്തെ മൂന്ന് റാങ്ക് പങ്കിട്ട എട്ടു പേരില്‍ ആണായി ഒരാള്‍ മാത്രം. തൃശൂര്‍ ഒല്ലൂര്‍ ഹോളി എയ്ഞ്ചല്‍സ് സ്ക്കൂളിലെ സീറ്റൊ വര്‍ഗ്ഗീസ്.
കഴിഞ്ഞ വര്‍ഷവും ആദ്യത്തെ മൂന്നു റാങ്കുകളില്‍ ആണ്‍ സാന്നിദ്ധ്യമറിയിക്കാന്‍ ഒരാളുണ്ടായിരുന്നു. കോട്ടയം വിദ്യാധിരാജ വിദ്യാഭവനിലെ ടി. ആശിഷ്.
നാളെ (മേയ് 26ന്) ആരംഭിയ്ക്കുന്ന പ്രവേശനപരീക്ഷയില്‍ കാണിച്ചു കൊടുക്കാം എന്ന പ്രതിജ്ഞ ഈ ഫലപ്രഖ്യാപനം പുറത്തു വന്നയുടെനെ ചില ആണ്‍സിംഹങ്ങളെങ്കിലും എടുത്താല്‍ അത്ഭുതപ്പെടാനില്ല.
മൂന്നാം റാങ്കിന്റെ അവകാശികളില്‍ രണ്ടു പേര്‍ ഒരേ സ്ക്കൂളില്‍ നിന്നായതും കൗതുകമായി. ഒലവക്കോട് സെന്റ് തോമസ് ഹൈസ്ക്കൂളിലെ എം. ഇന്ദുവും ശ്യാമ എസ്. നായരുമാണ് 589 മാര്‍ക്കോടെ മൂന്നാം റാങ്ക് പങ്കിട്ടത്.
അടുത്ത സുഹൃത്തുക്കളായ ഇവര്‍ പഠനത്തില്‍ മത്സര ബുദ്ധി പ്രകടിപ്പിച്ചിരുന്നു. സ്ക്കൂള്‍ പരീക്ഷകളില്‍ മാറിമാറി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇന്ദുവും ശ്യാമയും ഒടുവില്‍ ഒരേ മാര്‍ക്കോടെ ഒരേ സ്ഥാനത്ത്.
ഒലവക്കോട് സെന്റ് തോമസ് സ്ക്കൂളിനും ഇരട്ട റാങ്കുകാര്‍ അഭിമാനമായി.


Click it and Unblock the Notifications