കൈയേറ്റം വെള്ളായണി കായലിന് ഭീഷണി
തിരുവനന്തപുരം: ഭൂമി കൈയേറ്റം വെള്ളായണി കായലിന് ഭീഷണിയാവുന്നു. റവന്യു ഭൂമി കര്‍ഷകര്‍ കൈയേറുന്നത് ഇവിടെ പതിവായിരിക്കുകയാണ്.
കള്ളിയൂര്‍ പഞ്ചായത്തില്‍ കായലിന്റെ ഒരു ഭാഗം നികത്താനായി മണ്ണുമായി പോവുന്ന ലോറി റവന്യു അധികൃതര്‍ കഴിഞ്ഞ മാസം പിടികൂടിയിരുന്നു. കാര്‍ഷിക ആവശ്യത്തിനും വീട് വെക്കുന്നതിനും കൈയേറ്റം നടത്തിയ ഭൂമി ഉപയോഗിക്കുകയാണ് കൈയേറ്റക്കാര്‍.
1992ലെ നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ടില്‍ കായല്‍ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ വൈകുന്നത് അപകടമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കൈയേറ്റം തടയാന്‍ കാര്യമായ നീക്കമൊന്നുമില്ല. കെ. പി. നൂറുദ്ദീന്റെ നേതൃത്വത്തിലുള്ള സമിതി കായലും പരിസരവും സംരക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കൈയേറ്റം തടയാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
ജലസേചന വകുപ്പിന് കായലിന്റെ മേല്‍നോട്ടം കൈമാറാനും കായല്‍ സംരക്ഷിക്കാനായി ഒരു സമിതി രൂപീകരിക്കാനും നിയമസഭാസമിതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ മൂന്ന് ശുദ്ധജല തടാകങ്ങളിലൊന്നായ വെള്ളായണി കായലിനെ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങളെല്ലാം ഇപ്പോഴും കടലാസില്‍ ഒതുങ്ങുന്നു.
കായലിനെ ശുദ്ധജല സ്രോതസായി നിലനിര്‍ത്തണമെന്ന ജനങ്ങളുടെ ആവശ്യവും സര്‍ക്കാര്‍ കേട്ട മട്ടില്ല. 14-ാം കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ വെള്ളായണി കായലിലെ വെള്ളം ശുദ്ധജല വിതരണത്തിനായി ഉപയോഗിക്കാമെന്ന് നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications