മൂന്നാമതും പാക് മിസില്‍ പരീക്ഷണം
ഇസ്ലമബാദ് : ഇന്ത്യയുമായി സംഘര്‍ഷം അനുദിനം മൂര്‍ച്ഛിച്ചു വരവെ പാകിസ്താന്‍ മൂന്നാമതും മിസില്‍ പരീക്ഷണം നടത്തി.
ഹ്രസ്വദൂര ഉപരിതല മിസിലായ ഹാഫ്റ്റ്-11 (അബ്ദാനി) യാണ് മെയ് 28 ചൊവാഴ്ച പാകിസ്താന്‍ ആദ്യമായി പരീക്ഷിച്ചത്. രാജ്യാന്തര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെയായിരുന്നു പരീക്ഷണം.
180 കിലോമിറ്റര്‍ വരെ ലക്ഷ്യം തെറ്റാതെ പതിയ്ക്കാന്‍ പുതിയ മിസിലിന് കഴിയുമെന്ന് പരീക്ഷണ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയ വാര്‍ത്താക്കുറിപ്പ് അവകാശപ്പെടുന്നു.
290 കിലോമീറ്റര്‍ റേഞ്ചുളള ഹാഫ്റ്റ്-മൂന്ന് (ഗസ്നവി) പരീക്ഷിച്ചത് ഞായറാഴ്ചയായിരുന്നു. ശനിയാഴ്ച മദ്ധ്യദൂര മിസൈലായ ഗോറിയും പാക് സേന പരീക്ഷിച്ചു. എല്ലാം വിജയകരമായിരുന്നെന്നാണ് വാര്‍ത്താക്കുറിപ്പ് അവകാശപ്പെടുന്നത്.
ആദ്യ രണ്ടു പരീക്ഷണങ്ങള്‍ തന്നെ അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പിന് കാരണമായിരുന്നു. അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും പാക് മിസില്‍ പരീക്ഷണത്തെ വിമര്‍ശിച്ചു.
മിസില്‍ പരീക്ഷണങ്ങള്‍ വന്‍വിജയമായതോടെ പാക് ആയുധ ശേഖരം ശക്തിപ്പെട്ടതായി സേനാ വിഭാഗങ്ങളുടെ സംയുക്ത ചെയര്‍മാന്‍ അസീസ് അഹമ്മദ് ഖാന്‍ അറിയിച്ചു.
അതിര്‍ത്തിയില്‍ അണിനിരന്നിരിക്കുന്ന പാക് ഭടന്മാര്‍ മരണഭയമുളളവരല്ലെന്നും രക്തസാക്ഷിത്വം വരിയ്ക്കാന്‍ തയ്യാറായാണ് അവര്‍ പോയതെന്നും അഹമ്മദ് ഖാന്‍ പറഞ്ഞു.












Click it and Unblock the Notifications