കഷണ്ടിയെണ്ണ നിര്‍മ്മാതാവ് വീണ്ടും വരുന്നു...
തിരുവനന്തപുരം : കഷണ്ടി എണ്ണ ഓര്‍മ്മയുണ്ടോ? മുടിയില്ലാത്ത ആര്‍ക്കും മുടി കിളിര്‍പ്പിയ്ക്കാമെന്ന വാഗ്ദാനവുമായി 80 കളുടെ അവസാനം മാദ്ധ്യമത്താളുകളില്‍ നിറഞ്ഞു നിന്ന കഷണ്ടി എണ്ണ. ഈ എണ്ണയുടെ നിര്‍മ്മാതാക്കളായ ആര്‍ഷിക് ഹെര്‍ബല്‍ റെമഡീസ് ഇന്ത്യാ ലിമിറ്റഡ്, രണ്ടു പുതിയ ഉല്‍പന്നങ്ങള്‍ കൂടി വിപണിയിലിറക്കുന്നു.
ഡിയോഡറന്റും താരന്‍ അകറ്റാനുളള ക്രമീമുമാണ് ആര്‍ഷിക് ഉടന്‍ വിപണിയിലെത്തിക്കുന്നത്. ഈ വിഭാഗത്തിലും ഇന്ന് നിലവിലുളള ഉല്‍പന്നങ്ങളെക്കാള്‍ ഏറെ സവിശേഷതകള്‍ പുതിയ ഉല്‍പന്നങ്ങള്‍ക്കുണ്ടെന്ന് ആര്‍ഷിക് പ്രൊപ്രൈറ്റര്‍ എസ്. ഗോപാലകൃഷ്ണന്‍ നായര്‍ പറയുന്നു.
ഡിയോഡറന്റിനെക്കുറിച്ചുളള ധാരണകള്‍ തിരുത്തുന്നതായിരിക്കും തങ്ങളുടെ ഉല്‍പന്നമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. തിളപ്പിച്ച വെളളത്തില്‍ നിന്നാണ് ഇത് നിര്‍മ്മിക്കുന്നത്. നിറമില്ല. എത്ര രൂക്ഷമായ ഗന്ധവും അകറ്റാന്‍ പ്രസ്തുത ഡിയോഡറന്റ് പര്യാപ്തമാണെന്ന് ഗോപാലകൃഷ്ണന്‍ നായര്‍ പറയുന്നു. ഞരമ്പുകളുടെ പിരിമുറുക്കം അകറ്റാനും ഈ ഉല്‍പന്നത്തിന് കഴിയുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
ആഹാരത്തിനു ശേഷം കൈകഴുകാനും മൗത്ത് റിഫ്രഷറായും പുതിയ ഡിയോഡറന്റ് ഉപയോഗിക്കാമെന്നാണ് ഉല്‍പാദകര്‍ അവകാശപ്പെടുന്നത്. വസ്ത്രങ്ങളിലെ ദുര്‍ഗന്ധം അകറ്റാനും മുറിയില്‍ സുഗന്ധം പരത്താനും പുതിയ ഡിയോഡറന്റ് നല്ലതാണത്രേ!
ലോകത്ത് ഇന്നുളള ഒരു ഡിയോഡറന്റിനും ഇല്ലാത്ത പ്രത്യേകതകള്‍ തങ്ങളുടെ ഉല്‍പന്നത്തിനുണ്ടെന്ന് ഗോപാലകൃഷ്ണന്‍ നായര്‍ പറയുന്നു. വിഷാംശമില്ലാത്ത ഇത് ഉളളില്‍ ചെന്നാലും കുഴപ്പമില്ല.
ആറുമാസത്തിനുളളില്‍ പൂര്‍ണമായും താരന്‍ അകറ്റുന്നതാണ് പുതിയ ക്രീമെന്നും അദ്ദേഹം പറഞ്ഞു. എത്ര കടുത്ത താരനെയും അകറ്റാന്‍ ഈ ക്രീമിനു കഴിവുണ്ടെന്നാണ് അവകാശവാദം. പരീക്ഷണത്തില്‍ ഇക്കാര്യം തെളിയിക്കപ്പെട്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഉല്പന്നങ്ങള്‍ക്ക് ഡ്രഗ് കണ്‍ട്രോളറുടെ അനുമതി തേടിയിരിയ്ക്കുകയാണ്.
പൂര്‍ണമായും ആട്ടോമാറ്റിക് ആയ പ്ലാന്റാണ് ആര്‍ഷിക് കമ്പനിയ്ക്കുളളത്. മൂന്നു കോടി മുടക്കി തിരുവനന്തപുരത്തിന് സമീപമുള്ള മുളയറയില്‍ സ്ഥാപിച്ചിട്ടുളള ഫാക്ടറിയിലാണ് ഉല്‍പന്നങ്ങള്‍ നിര്‍മ്മിയ്ക്കുന്നത്.
ഓരോ മിനിട്ടിലും 60 കുപ്പി ഹെയര്‍ ഓയില്‍ നിറയ്ക്കാന്‍ ശേഷിയുളളതാണ് ഈ പ്ലാന്റ്. 50 മില്ലി ലിറ്റര്‍ അനൂപ് ഹെയര്‍ ഓയിലിന് 150 രൂപയാണ് വില. പ്രതിദിനം മൂന്നു ലോഡ് ഹെയര്‍ ഓയില്‍ ഇവിടെ നിന്നും വിപണനത്തിനായി കൊണ്ടു പോകുന്നുണ്ട്. (50 കുപ്പികളുള്ള 600 ക്രേറ്റുകളാണ് ഒരു ലോറിയില്‍ കയറ്റുന്നത്.) ഗോദറേജ് ആണ് ഈ എണ്ണ ഇപ്പോള്‍ ഇന്ത്യയിലെങ്ങും വില്‍ക്കുന്നത്.
ഹെയര്‍ ഓയില്‍ നിര്‍മ്മിയ്ക്കാന്‍ ആവശ്യമായ വെളിച്ചെണ്ണയും ഇവിടെത്തന്നെയാണ് ആട്ടിയെടുക്കുന്നത്. കൊപ്ര ആട്ടി എണ്ണ എടുക്കാനായി ഒരു മില്ല് ഈയിടെ സ്ഥാപിച്ചു. ഈ മില്ലില്‍ ദിവസവും 12 ടണ്‍ എണ്ണയാണ് ആട്ടിയെടുക്കുന്നത്. ഇതില്‍ അഞ്ച് ടണ്‍ മാത്രമേ അനൂപ് എണ്ണ ഉണ്ടാക്കുന്നതിനായി ഉപയോഗിയ്ക്കുന്നുള്ളു. എണ്ണയ്ക്കായി ടണ്‍കണക്കിന് പച്ചമരുന്ന് കണ്ടെത്തുകയാണ് ഇപ്പോള്‍ വിഷമകരമായി വന്നിരിയ്ക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുളള സമ്മാന്‍ പത്ര അവാര്‍ഡ് ഗോപാല കൃഷ്ണന്‍ നായര്‍ക്ക് രണ്ടു പ്രാവശ്യം ലഭിച്ചിട്ടുണ്ട്. ഏറ്റവുമധികം ആദായ നികുതി നല്‍കുന്നയാളിന് ഏര്‍പ്പെടുത്തിയിട്ടുളളതാണ് ഈ അവാര്‍ഡ്.












Click it and Unblock the Notifications