യൂത്ത് കോണ്‍ഗ്രസ് നേതാവ് മരിച്ചു; ജനം ആശുപത്രി തകര്‍ത്തു
കണ്ണൂര്‍: ഓപ്പറേഷന് ശേഷം ചികിത്സയില്‍ കഴിയുകയായിരുന്ന എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ജില്ലാ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ കെ. പി. മുരളീധരന്‍ (37) മരിച്ചതിനെ തുടര്‍ന്ന് കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രി ജനക്കൂട്ടം ആക്രമിച്ചു തകര്‍ത്തു.
മൂലക്കുരുവിനായി നടത്തിയ ഓപ്പറേഷനെ തുടര്‍ന്ന് റൂമിലേക്ക് മാറ്റിയ മുരളീധരന്‍ മെയ് 30 വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് മുരളീധരന്‍ മരിച്ചതെന്ന് ആരോപിച്ചാണ് രാവിലെ ആശുപത്രിയിലെത്തിയ ജനക്കൂട്ടം ആശുപത്രി അടിച്ചുതകര്‍ത്തത്. അഞ്ച് കോടിയോളം നഷ്ടം കണക്കാക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച രാവിലെയാണ് മുരളീധരന് ഓപ്പറേഷന്‍ ചെയ്തത്. രാത്രി ഏഴ് മണിയോടെ അസഹ്യമായ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നഴ്സ് രണ്ടു തവണ ഇഞ്ചക്ഷന്‍ നല്‍കി. അര്‍ധരാത്രിയോടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. ഡ്യൂട്ടി ഡോക്ടര്‍ അപ്പോള്‍ ആശുപത്രിയിലുണ്ടായിരുന്നില്ല.
മുരളീധരന്‍ മരിച്ചതിന് ശേഷമാണത്രെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. മരിച്ച് 15 മിനിട്ട് കഴിഞ്ഞ ശേഷമാണ് ഡോക്ടറെത്തിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
രാവിലെ ഏഴരയോടെ ആശുപത്രിയിലെത്തിയ ജനക്കൂട്ടം കണ്ണില്‍ കണ്ടതെല്ലാം തച്ചുതകര്‍ക്കുകയായിരുന്നു. രോഗികളുടെ കേസ് ഫയലുകള്‍ സൂക്ഷിച്ചിരുന്ന റെക്കോഡ് റൂം കുത്തി തുറന്ന് തീയിട്ടു.
അക്രമം നടക്കുന്നതിനിടെ ആശുപത്രി ജീവനക്കാര്‍ സ്ഥലം വിട്ടു. ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ ബന്ധുക്കള്‍ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
എസ് പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ജനങ്ങളെ പുറത്താക്കി ആശുപത്രി ഗേറ്റുകളടച്ചു. ഗേറ്റ് തള്ളിത്തുറന്ന് ജനക്കൂട്ടം വീണ്ടും ആശുപത്രിയിലേക്ക് കയറാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ലാത്തിച്ചാര്‍ജില്‍ പലര്‍ക്കും പരിക്കേറ്റു.
അതേ സമയം മുരളി മരിച്ചത് ഹൃദയാഘാതം മൂലമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മരണം സംഭവിച്ചത് ഡോക്ടര്‍മാരുടെയോ ആശുപത്രി അധികൃതരുടെയോ അലംഭാവം മൂലമല്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മുരളിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടം നടത്തി. വൈകുന്നേരം ആറിന് എടക്കാടെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
വാരം കുഞ്ഞിലത്ത് പരേതരായ കുഞ്ഞിരാമന്‍ നമ്പ്യാരുടെയും കാര്‍ത്യായനിയുടെയും മകനാണ് മുരളി. ഭാര്യ പയ്യന്നൂര്‍ കണ്ടങ്കാളി ഐക്കോമത്ത് വീട്ടില്‍ ബിന്ദു. മക്കള്‍: അഞ്ജലി, അനഘ. ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് കെ. പി. മോഹനന്‍ സഹോദരനാണ്.












Click it and Unblock the Notifications