താരങ്ങള്‍ സീരിയലില്‍ അഭിനയിക്കേണ്ട: മാക്ട
കൊച്ചി: ചലച്ചിത്ര താരങ്ങള്‍ സീരിയലില്‍ അഭിനയിക്കരുതെന്നും താരങ്ങളുടെ പ്രതിഫലത്തില്‍ 25 ശതമാനം കുറവ് വരുത്തണമെന്നും മാക്ടയും ഫിലിം ചേംബറും നടത്തിയ ചര്‍ച്ചയില്‍ നിര്‍ദേശമുയര്‍ന്നതായി അറിയുന്നു.
വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുകയുള്ളൂവെന്ന് യോഗ തീരുമാനം വിശദീകരിച്ച മാക്ട വൈസ് ചെയര്‍മാന്‍ രണ്‍ജി പണിക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
യോഗത്തില്‍ ഉണ്ടായ മറ്റ് നിര്‍ദേശങ്ങള്‍ ഇവയാണ്: താരങ്ങള്‍ സിനിമാ ഭാഗങ്ങളോടെയുള്ള അഭിമുഖങ്ങള്‍ നല്‍കരുത്. താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രതിഫലത്തില്‍ കുറവ് വരുത്തണം. 50,000 രൂപയില്‍ താഴെ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല.
എല്ലാ സിനിമാ താരങ്ങള്‍ക്കും സീരിയലില്‍ അഭിനയിക്കുന്നതിന് വിലക്കേര്‍പ്പെടുത്തില്ല. പ്രമുഖ താരങ്ങളും ഹാസ്യനടന്മാരും സീരിയലില്‍ അഭിനയിക്കാന്‍ പാടില്ല. സ്വഭാവ നടന്മാര്‍ക്ക് ഈ വിലക്ക് ബാധകമല്ലെങ്കിലും അവരും നിയന്ത്രണം പാലിച്ചാല്‍ നന്ന്.
സ്വകാര്യ ടെലിവിഷന്‍ പരിപാടികളിലും താരനിശകളിലും ബന്ധപ്പെട്ട സിനിമാ സംഘടനകളുടെ അനുമതിയോടെയല്ലാതെ താരങ്ങള്‍ അഭിനയിക്കാന്‍ പാടില്ല. പുതുമുഖ നടീനടന്മാര്‍ അഭിനയിക്കുന്ന ചിത്രങ്ങളും പ്രമുഖതാരങ്ങളെ വെച്ച് പുതുമുഖ സംവിധായകര്‍ ഒരുക്കുന്ന ചിത്രങ്ങളും കളക്ഷന്‍ നോക്കാതെ രണ്ടാഴ്ച തിയേറ്ററുകളില്‍ ഓടിക്കണം.
സിനിമയുടെ ദൈര്‍ഘ്യം രണ്ടര മണിക്കൂറായി പരിമിതപ്പെടുത്തണം. ചാനലുകള്‍ക്ക് സിനിമകള്‍ നല്‍കുമ്പോള്‍ അഞ്ച് വര്‍ഷത്തെ കാലാവധി നിര്‍ണയിക്കണം.












Click it and Unblock the Notifications