ആണവയുദ്ധമുണ്ടാകില്ലെന്ന് ഫെര്‍ണാണ്ടസ്
ദില്ലി : അതിര്‍ത്തിയിലെ സംഘര്‍ഷം ആണവയുദ്ധത്തിലെത്തിയ്ക്കില്ലെന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ്.
ലക്കും ലഗാനുമില്ലാതെ അണുവായുധങ്ങള്‍ ഉപയോഗിക്കാന്‍ ഇന്ത്യയും പാകിസ്താനും മുതിരില്ലെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ആണവയുദ്ധത്തിന്റെ ഭവിഷ്യത്തുകള്‍ നന്നായി മനസിലാക്കാന്‍ കഴിവുളളവരാണ് ഇരുരാജ്യങ്ങളുടെയും ഭരണാധികാരികള്‍ എന്ന് ഒരു വിദേശ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഫെര്‍ണാണ്ടസ് ചൂണ്ടിക്കാട്ടി.
ആദ്യം അണുവായുധങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധമെന്ന നിലയ്ക്കു മാത്രമേ നാം അവ ഉപയോഗിക്കുകയുളളൂവെന്ന് പ്രതിരോധ മന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കി.
ഇന്ത്യയ്ക്കെതിരെ ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കില്ലെന്ന പാക് പ്രസിഡന്റ് ജനറല്‍ മുഷാറഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഫെര്‍ണാണ്ടസ്. ബോധമുളള ആരും ഇത്തരം പ്രസ്താവനകള്‍ നടത്തില്ലെന്ന് താന്‍ അന്നേ പറഞ്ഞിരുന്നെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അതിര്‍ത്തിയില്‍ കഴിഞ്ഞ അഞ്ചുമാസമായി യുദ്ധസാഹചര്യം നിലനില്‍ക്കുകയാണെന്ന് ചോദ്യത്തിനു മറുപടിയായി ഫെര്‍ണാണ്ടസ് പറഞ്ഞു. ദശലക്ഷക്കണക്കിന് പട്ടാളക്കാരെ ഇരു വിഭാഗങ്ങളും അവിടെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികളില്‍ നേരിയ അയവ് വന്നിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി വെളിപ്പെടുത്തി.
ഒരു ആണവയുദ്ധമുണ്ടായാല്‍ അതിനെ അതിജീവിക്കാനുളള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്നും എന്നാല്‍ പാകിസ്താനതില്ലെന്നും ഫെര്‍ണാണ്ടസ് ജനറല്‍ മുഷാറഫിനെ ഓര്‍മ്മപ്പെടുത്തി.












Click it and Unblock the Notifications