ചെത്തു തൊഴിലാളി മാര്‍ച്ചില്‍ അക്രമം
തൃശൂര്‍: അടച്ചിട്ട കള്ള്ഷാപ്പുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ചെത്തുതൊഴിലാളികള്‍ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് പലയിടത്തും അക്രമാസക്തമായി. തൃശൂരില്‍ അക്രമത്തില്‍ എട്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
സിഐടിയു, എഐടിയുസി, ബിഎംഎസ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് മാര്‍ച്ച് നടന്നത്.
തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നിന്നു തുടങ്ങിയ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ കടകള്‍ തകര്‍ത്തു. കെ എസ് ആര്‍ ടി സി ഡിപ്പോ ആക്രമിച്ചു. റോഡരികിലുണ്ടായിരുന്ന വാഹനങ്ങള്‍ തകര്‍ത്തു. വഴിയാത്രക്കാര്‍ക്ക് നേരെയും അക്രമമുണ്ടായി.
അക്രമാസക്തരായ പ്രകടനക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെക്കുകയും ചെയ്തെങ്കിലും പ്രകടനക്കാര്‍ പിരിഞ്ഞുപോയില്ല. ശങ്കരന്‍കുളങ്ങരയില്‍ ഒരു കെ എസ് ആര്‍ ടി സി ബസിന് പ്രകടനക്കാര്‍ തീയിട്ടു. ഗ്യാസ് സിലിണ്ടര്‍ തുറന്ന് തീ വെക്കാനുള്ള പ്രകടനക്കാരുടെ ശ്രമം പൊലീസ് തടഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. രണ്ട് പൊലീസ് വാനുകള്‍ക്ക് പ്രകടനക്കാര്‍ തീവെച്ചു.
എറണാകുളത്തും ചെത്ത് തൊഴിലാളികളുടെ പിക്കറ്റിംഗ് അക്രമാസക്തമായി. കളക്ടറേറ്റില്‍ ജീവനക്കാര്‍ പ്രവേശിക്കുന്നത് തടഞ്ഞു. വഴിയിലൂടെ പോവുന്ന ചില വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ടിവി ചാനലുകാരെ സംഭവം ക്യാമറയില്‍ പകര്‍ത്തുന്നതില്‍ നിന്ന് തടഞ്ഞു.












Click it and Unblock the Notifications