ചേരിപ്പോര് പൊലിപ്പിയ്ക്കാന്‍ പുനസംഘടന വരുന്നു
തിരുവനന്തപുരം : പോഷക ഘടകങ്ങളുടെ പുന:സംഘടന ഉടന്‍ ഉണ്ടാകുമെന്ന് എഐസിസി വ്യക്തമാക്കിയതോടെ ഒരിടവേളയ്ക്കു ശേഷം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് സജീവമാകും.
മുരളീധരന്‍ നയിച്ച നവചേതനാ യാത്രയില്‍ പത്തി താഴ്തിയിരുന്നവരൊക്കെ പുനസംഘടനാ വാര്‍ത്തയറിഞ്ഞതോടെ അരയും തലയും മുറുക്കിത്തുടങ്ങി. ഓരോ ഗ്രൂപ്പുകളോടും വെവേറെ പട്ടിക നല്‍കാനാണ് കേരളത്തിന്റെ ചുമതലയുളള എഐസിസി സെക്രട്ടറി അംബികാ സോണി ആവശ്യപ്പെട്ടത്.
യൂത്തു കോണ്‍ഗ്രസ് പ്രസിഡന്റു സ്ഥാനം മൂന്നാം ഗ്രൂപ്പിനും കെഎസ്യു എ ഗ്രൂപ്പിനുമാണ് ഉണ്ടായിരുന്നത്. മാറിയ സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഐഗ്രൂപ്പ് ആവശ്യപ്പെടുമെന്ന് ഉറപ്പാണ്.
എന്നാല്‍ ഈസ്ഥാനം വിട്ടു കൊടുക്കേണ്ടെന്ന നിലപാടിലാണ് മൂന്നാം ഗ്രൂപ്പ്. കെ. സി. വേണുഗോപാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കുമ്പോഴാണ് കരുണാകരന്റെ നിര്‍ബന്ധപ്രകാരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഘടകം പിരിച്ചു വിട്ടത്. പ്രവര്‍ത്തന ശേഷിയില്ലെന്നായിരുന്നു ലീഡറുടെ പരാതി.
അതു കൊണ്ടു തന്നെ ഒട്ടും വിട്ടുകൊടുക്കാന്‍ മൂന്നാം ഗ്രൂപ്പ് തയ്യാറല്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ കരുണാകരന്റെ വിലപേശല്‍ ശേഷി കുറഞ്ഞു വരുന്നു എന്ന് വിലയിരുത്തപ്പെടുന്ന ഈ അവസ്ഥയില്‍ പ്രത്യേകിച്ചും.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കൈയടക്കാനും വന്‍ചരടുവലികള്‍ നടക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയ്ക്കു മേല്‍ അവകാശവാദവുമായി വയലാര്‍ രവിയുടെ നാലാം ഗ്രൂപ്പും രംഗത്തുണ്ട്.
കെഎസ്യു പുനസംഘടന വലിയ പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് കരുതപ്പെടുന്നു. എ ഗ്രൂപ്പിന് തന്നെ ഈ സ്ഥാനം നല്‍കാനാണ് സാദ്ധ്യത. അക്കാര്യത്തില്‍ മാത്രം ഒര ഗ്രൂപ്പിനും അഭിപ്രായവ്യത്യാസമില്ല.












Click it and Unblock the Notifications