റെനില്‍ വാക്കു പാലിക്കുന്നില്ലെന്ന് പുലികള്‍
കൊളംബൊ : ശ്രീലങ്കാ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ വാക്കു പാലിക്കുന്നില്ലെന്ന് തമിഴ് പുലികള്‍.
എല്‍ടിടിഇയ്ക്കു മേലുളള നിരോധനം ഉപാധികളില്ലാതെ നീക്കാമെന്ന ഉറപ്പു പാലിക്കാന്‍ ബാഹ്യ സമ്മര്‍ദ്ദം മൂലം റെനിലിന് കഴിയുന്നില്ലെന്ന് പുലികളുടെ വക്താവ് ആന്റണ്‍ ബാലശിങ്കം ലണ്ടനില്‍ ആരോപിച്ചു.
നിരോധനം പിന്‍വലിക്കണമെങ്കില്‍ ചര്‍ച്ചയുടെ തീയതി പ്രഖ്യാപിക്കണമെന്ന നിലപാടിനു പിന്നില്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെയാണെന്നും അദ്ദേഹം ആരോപിച്ചു.
ഒരു ലണ്ടന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാലശിങ്കം ശ്രീലങ്കാ സര്‍ക്കാരിനെതിരെ തുറന്ന വിമര്‍ശനം നടത്തിയത്. പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെയുടെ നിര്‍ബന്ധത്തിന് റെനില്‍ കീഴടങ്ങുകയാണെന്നാണ് പുലികളുടെ ആരോപണം. പുലികള്‍ക്കു നേരെ കടുത്ത നിലപാടെടുക്കുന്ന നേതാവാണ് ചന്ദ്രിക.
പുതിയ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചര്‍ച്ചയുടെ അജണ്ടയാക്കി, വടക്ക് കിഴക്കുളള തമിഴ് ഭൂരിപക്ഷ പ്രദേശത്ത് ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാമെന്ന വാഗ്ദാനത്തില്‍ നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്. സര്‍ക്കാരിന്റെ ഈ നിലപാടില്‍ തങ്ങള്‍ക്ക് നിരാശയുണ്ടെന്നും ചന്ദ്രികയുടെ ചരടുവലിക്കൊപ്പം റെനില്‍ ചുവടു വയ്ക്കുകയാണെന്നും ബാലശിങ്കം ആരോപിച്ചു.
മുഖാമുഖ ചര്‍ച്ചയ്ക്ക് കൃത്യമായ തീയതി പ്രഖ്യാപിച്ചാല്‍ നിരോധനം പിന്‍വലിക്കുന്നതിനെപ്പറ്റി ആലോചിക്കാമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരം ഒരു ചര്‍ച്ചയ്ക്ക് ഇരു വിഭാഗങ്ങളും തയ്യാറാകുന്നത്.












Click it and Unblock the Notifications