രാഷ്ട്രപതിയെ വാജ്പേയി തീരുമാനിക്കുമെന്ന് നായിഡു
ദില്ലി : പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനുളള അധികാരം വാജ്പേയിയ്ക്ക് നല്‍കിയതായി തെലുങ്കുദേശം.
പ്രധാനമന്ത്രിയുമായി നടന്ന ഒന്നര മണിക്കൂര്‍ ചര്‍ച്ചയ്ക്കു ശേഷം തെലുങ്കു ദേശം നേതാവ് ചന്ദ്രബാബു നായിഡു അറിയിച്ചതാണ് ഇക്കാര്യം. ഒട്ടേറെ പേരുകള്‍ തങ്ങള്‍ പരിഗണിച്ചതായി നായിഡു പറഞ്ഞു.
ഉപരാഷ്ട്രപതി കിഷന്‍കാന്തിനെ രാഷ്ട്രപതിയാക്കണമെന്നതായിരുന്നു തെലുങ്കുദേശത്തിന്റെ ആവശ്യം. രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് കിഷന്‍ കാന്തിനെ നിര്‍ദ്ദേശിച്ചിരുന്നോ എന്ന ചോദ്യത്തോട് നായിഡു പ്രതികരിച്ചില്ല.
രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിക്കണമെന്ന കോണ്‍ഗ്രസ് ഇടതു പാര്‍ട്ടികളുടെ അഭ്യര്‍ത്ഥനയോട് രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്‍ഡിഎ ഉന്നതന്മാര്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ച് മഹാരാഷ്ട്രാ ഗവര്‍ണര്‍ പി. സി. അലക്സാണ്ടര്‍റും കിഷന്‍ കാന്തുമാണ് ഭരണപക്ഷത്തിന്റെ പരിഗണനയിലുളള സ്ഥാനാര്‍ത്ഥികള്‍.
കെ. ആര്‍. നാരായണനെക്കാളേറെ കിഷന്‍ കാന്തിനോടാണ് പ്രതിപക്ഷത്തെ പ്രമുഖനായ മുലായം സിംഗിന് പഥ്യം. കെ. ആര്‍. നാരായണന്‍ പിന്മാറുകയാണെങ്കില്‍ കിഷന്‍കാന്തിനെ ഇടതുപക്ഷവും കോണ്‍ഗ്രസും പിന്തുണച്ചേക്കും.
നായിഡുവുമായുളള ചര്‍ച്ചയില്‍ പ്രധാനമന്ത്രിയ്ക്കു പുറമെ ആഭ്യന്തര മന്ത്രി അദ്വാനി, പ്രമോദ് മഹാജന്‍, ടിഡിപി നേതാവ് യേരന്‍ നായിഡു എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications