അരാഫത്തിന്റെ വസതിയില്‍ ആക്രമണം
റമള്ള: പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തിന്റെ വസതിയ്ക്ക് നേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തു. അരാഫത്തിന്റെ അംഗരക്ഷകരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കഴിഞ്ഞ ദിവസം ഇസ്രയേലില്‍ ഇസ്ലാമികതീവ്രവാദിസംഘം നടത്തിയ സ്ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം. ജൂണ്‍ ആറ് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ഇസ്രയേല്‍ ടാങ്കുകള്‍ അരാഫത്തിന്റെ വസതി വളഞ്ഞത്.
ഏകദേശം 50 ടാങ്കുകളോളം അരാഫത്തിന്റെ ഔദ്യോഗിക വസതി നിലകൊള്ളുന്ന റമള്ള നഗരത്തില്‍ എത്തിയെന്ന് പലസ്തീന്‍ വക്താവ് പറഞ്ഞു. അരാഫത്തിന്റെ അംഗരക്ഷകര്‍ ടാങ്കുകള്‍ക്കെതിരെ വെടിയുതിര്‍ത്തു. എന്നാല്‍ ടാങ്കുകള്‍ ശക്തമായ ഷെല്ലാക്രമണം നടത്തി. മെഷീന്‍ഗണ്ണുകളുപയോഗിച്ചും വെടിവച്ചു.
അരാഫത്തിന്റെ ഔദ്യോഗിക ആസ്ഥാനമന്ദിരത്തിന് നേരെ ഇസ്രയേലി ടാങ്കുകള്‍ 30 ഷെല്ലുകള്‍ ഉപയോഗിച്ചു. ആസ്ഥാനമന്ദിരത്തിലെ കെട്ടിടങ്ങളിലൊന്നിന്റെ മൂന്നാം നില പാടെ തകര്‍ന്നു. അരാഫത്തുമായി സംസാരിക്കുമ്പോള്‍ ഫോണിലൂടെ വെടിയൊച്ച കേള്‍ക്കാമായിരുന്നുവെന്ന് പലസ്തീന്റെ പ്രധാനപ്രതിനിധി എറാകാത് പറഞ്ഞു. വ്യാഴാഴ്ച രാവിലെ ഇസ്രയേലി ടാങ്കുകള്‍ മടങ്ങിപ്പോയി.












Click it and Unblock the Notifications