താരങ്ങള്‍ പ്രതിഫലം സ്ഥിരപ്പെടുത്തണം : ചേമ്പര്‍
കൊച്ചി : താരങ്ങളുടെ പ്രതിഫലം നിജപ്പെടുത്തണമെന്ന് ഫിലിം ചേമ്പര്‍. സിനിമാ പ്രതിസന്ധി പരിഹരിക്കുന്നതിന് മാക്ടയുമായി ഇനി ചര്‍ച്ച നടത്തേണ്ടെന്നും ചേമ്പര്‍ തീരുമാനിച്ചിട്ടുണ്ട്.
താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രതിഫലത്തില്‍ 25 ശതമാനം കുറവു വരുത്താമെന്നാണ് അമ്മയുടെ നിര്‍ദ്ദേശം. എന്നാല്‍ 40 ശതമാനം കുറയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ചേമ്പര്‍.
പ്രതിഫലത്തുകയ്ക്ക് സ്ഥിരതയില്ലാത്തതു കാരണം നിബന്ധന പ്രകാരം നിശ്ചിത ശതമാനം കുറയ്ക്കുമെന്നതിന് ഉറപ്പില്ല. ആഗ്രഹിക്കുമ്പോള്‍ താരങ്ങള്‍ക്ക് പ്രതിഫലം ഉയര്‍ത്താനും കഴിയും. അത് ഒഴിവാക്കാനാണ് പ്രതിഫലം നിജപ്പെടുത്തണമെന്ന ആവശ്യം ചേമ്പര്‍ ഉന്നയിക്കുന്നത്.
തിയേറ്ററുകളുടെ ഷെയര്‍, സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് മാക്ട സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ വ്യവസായികള്‍ തമ്മിലുളള ഇടപാടാണെന്നാണ് ചേമ്പറിന്റെ പക്ഷം. പ്രതിസന്ധിയുമായി കാര്യമായ ബന്ധം ഈ വിഷയത്തിനില്ല.
തീയേറ്ററിലെ എയര്‍കണ്ടീഷന്‍. ശുചിയായ മൂത്രപ്പുര എന്നിവയ്ക്കൊന്നും സിനിമാ പ്രതിസന്ധിയുമായി ബന്ധമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധിച്ച് നല്‍കുന്ന കാര്യമായതിനാല്‍ അതിനെ സിനിമാ പ്രതിസന്ധിയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്ന് ചേമ്പര്‍ വിലയിരുത്തി.
ജൂണ്‍ മൂന്നിന് നടന്ന ചര്‍ച്ചയില്‍ മാക്ട ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചതെന്ന് അവര്‍ ആരോപിക്കുന്നു. മെഗാ താരങ്ങളുടെ തടവറയിലാണ് മാക്ട. അതിനാല്‍ അവരുമായി ഇനി ചര്‍ച്ചയില്ല. ചലച്ചിത്ര രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഫിലിം ചേമ്പര്‍












Click it and Unblock the Notifications