ഇ- ഭരണം വേഗത്തിലാക്കാന്‍ കര്‍മ്മപദ്ധതി
തിരുവനന്തപുരം : പുനസംഘടിപ്പിക്കപ്പെട്ട കേരള ഇന്‍ഫര്‍മേഷന്‍ മിഷന്റെ ആദ്യയോഗം തലസ്ഥാനത്ത് ചേര്‍ന്നു. ഇ- ഭരണത്തിന് വേഗം കൂട്ടാനുളള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു യോഗം.
കേരള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സര്‍വീസസ് സൊസൈറ്റി എന്നതാണ് പുന സംഘടിപ്പിക്കപ്പെട്ട സ്ഥാപനത്തിന്റെ പേര്. വ്യവസായ - ഐടി മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയാണ് ചെയര്‍മാന്‍.
ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ വി. രാമചന്ദ്രന്‍, കോഴിക്കോട് ഐഐഎം ചെയര്‍മാന്‍ കെ. പി. പി. നമ്പ്യാര്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗോപാല കൃഷ്ണ പിളള, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജോണ്‍ മത്തായി, ഐടി സെക്രട്ടറി അരുണാ സുന്ദര്‍രാജ്, കിറ്റ്സ് ഡയറക്ടര്‍ എം. ശിവശങ്കര്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്.
പ്രധാന സര്‍ക്കാര്‍ വകുപ്പുകളെ വിവരസാങ്കേതിക സജ്ജമാക്കാനുള്ള കര്‍മ്മപദ്ധതി യോഗം ചര്‍ച്ച ചെയ്തു. ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുളള ഐടി പദ്ധതികള്‍ നടപ്പാക്കുന്നതും ചര്‍ച്ചാ വിഷയമായി. ഐടിയ്ക്ക് 18.2 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു വേണ്ടി ഏഴു കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു. കൊച്ചിയിലെ ഡിജിറ്റല്‍ ഗേറ്റ്വേയുമായി ബന്ധം സ്ഥാപിക്കുന്നതിനും ബാന്‍ഡ് വിഡ്ത്ത് കൂട്ടുന്നതിനും നാലു കോടി രൂപ കൂടി അനുവദിച്ചു.
പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് ഇ- ഭരണത്തിന്റെ പ്രാഥമിക ലക്ഷ്യമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളളത്. പൊതുവിതരണ ശൃംഖല, റവന്യൂ വകുപ്പ് എന്നിവയും കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്.












Click it and Unblock the Notifications