Get Updates
Get notified of breaking news, exclusive insights, and must-see stories!

പച്ചക്കറികള്‍ക്ക് തീവില

തിരുവനന്തപുരം : തലസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തമിഴ്നാട്ടില്‍ നിന്നുളള പച്ചക്കറി വരവ് കുറഞ്ഞതും ചിലത് കിട്ടാനില്ലാത്തതുമാണ് വിലക്കൂടുതലിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.

ഉയര്‍ന്ന വില കാരണം പലര്‍ക്കും കച്ചവടം കുറഞ്ഞിട്ടുണ്ട്. ചാല കമ്പോളത്തിലെ വന്‍കിടക്കാര്‍ തൊട്ട് വഴിയോരക്കച്ചവടക്കാര്‍ വരെ വിലക്കയറ്റം സൃഷ്ടിച്ച വില്‍പനത്തകര്‍ച്ച നേരിടുകയാണ്.

കിലോയ്ക്ക് 12 രൂപ വിലയുണ്ടായിരുന്ന കാരറ്റിന് ഇപ്പോള്‍ 20 രൂപയാണ്. പാവയ്ക്കയുടെ വില കിലോയ്ക്ക് 15 ല്‍ നിന്നും 20 ആയി. 24 രൂപയുണ്ടായിരുന്ന ബീന്‍സിന് ഇപ്പോള്‍ 36 രൂപ നല്‍കണം. വെണ്ടയ്ക്ക 11.50ന് കിട്ടിയിരുന്നത് ഇപ്പോള്‍ 16 രൂപയായി. കോളിഫ്ലവറിന്റെ വില 14.50 ല്‍ നിന്നും 22 ആയും തക്കാളി ഒമ്പതില്‍ നിന്നും 12 രൂപയായൂം ആയി ഉയര്‍ന്നു. 12 രൂപ വിലയുണ്ടായിരുന്ന കത്തിരിക്കയ്ക്ക് ഇപ്പോള്‍ കിലോയ്ക്ക് 18 രൂപ നല്‍കണം. മുരിങ്ങക്ക ഒന്നിന് 80 പൈസയില്‍ നിന്നും 1.50 രൂപയായും കൂടി. കോവയ്ക്ക, കുമ്പളങ്ങ എന്നിവയുടെയും വില കയറിയിട്ടുണ്ട്. എന്നാല്‍ ഇലക്കറികളുടെ വിലയില്‍ കാര്യമായ വര്‍ദ്ധനയില്ല.

ഊട്ടിയില്‍ നിന്നും ചാലയിലേയ്ക്ക് പ്രതിദിനം ഏഴു മുതല്‍ ഒമ്പതു വരെ പച്ചക്കറി ലോറികളാണ് വരാറുണ്ടായിരുന്നത്. ഇത് ഇപ്പോള്‍ നാലും അഞ്ചുമായി കുറഞ്ഞു. മോശമായ കാലാവസ്ഥയും ഊട്ടിയിലും കൂനൂരും പച്ചക്കറികള്‍ കിട്ടാനില്ലാത്തതുമാണ് ലോറികളുടെ വരവ് കുറയാന്‍ കാരണം.

പച്ചക്കറി വില്‍പന ശാലകള്‍ തുറക്കാന്‍ സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചറല്‍ കോര്‍പറേഷന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പൊതു വിപണിയിലുളളതിനേക്കാള്‍ വിലക്കുറവില്‍ പച്ചക്കറികള്‍ വില്‍ക്കാനാണ് ഹോര്‍ട്ടികോര്‍പിന്റെ ശ്രമം.

തമിഴ്നാട്ടിലും കേരളത്തിലുമുളള പച്ചക്കറി കൃഷിക്കാരില്‍ നിന്നും നേരിട്ട് ശേഖരിച്ച് വില്‍ക്കാനാണ് പരിപാടി. ഇങ്ങനെ വരുമ്പോള്‍ ഇടനിലക്കാരുടെ കമ്മിഷന്‍ ഒഴിവാക്കാനാകുമെന്നും ന്യായമായ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് പച്ചക്കറി ലഭ്യമാകുമെന്നും അധികാരികള്‍ കണക്കുകൂട്ടുന്നു.

ചില പച്ചക്കറികളുടെ വില കുറയുകയും ചെയ്തിട്ടുണ്ട്. വെളളരിക്ക, പടവലങ്ങ, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയാണ് കുറഞ്ഞത്. തമിഴ്നാട്ടില്‍ ഉല്‍സവ സീസണ്‍ ആരംഭിക്കുന്നതോടെ പച്ചക്കറി വരവ് സാധാരണനിലയിലാകുമെന്നും വില കുറയുമെന്നുമാണ് കച്ചവടക്കാര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+